മസ്തകത്തില്‍ മുറിവേറ്റ് ചികിത്സയിലായിരുന്ന കൊമ്പന്‍ ചരിഞ്ഞു

കോടനാട്: മസ്തകത്തില്‍ മുറിവേറ്റ് ചികിത്സയിലായിരുന്ന കൊമ്പന്‍ ചരിഞ്ഞു. ഒരടിയോളം ആഴമുള്ള മുറിവായിരുന്നു ഉണ്ടായിരുന്നത്. അതിരപ്പിള്ളിയില്‍ നിന്നും കഴിഞ്ഞ ബുധനാഴ്ചയാണ് ആനയെ രണ്ടുമാസത്തെ ചികില്‍സയ്ക്കായി കോടനാട്ടെ അഭയാരണ്യത്തിലെത്തിച്ചത്. മുറിവില്‍ പഴുപ്പ് കണ്ടതോടെ മയക്കുവെടി വെച്ച് കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടിയാണ് ആനയെ കോടനാട്ട് ചികിത്സക്കെത്തിച്ചത്.
മസ്തകത്തിലെ മുറിവിലൂടെയായിരുന്നു ആന ശ്വസിച്ചിരുന്നതെന്ന് പരിപാലിച്ച ഡോക്ടര്‍ ബിനോയ് സി.ബാബു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുറിവ് തുമ്പിക്കൈയിലേക്ക് കൂടി വ്യാപിച്ചിരുന്നതിനാല്‍ വെള്ളം കുടിക്കാനും വളരെ പ്രയാസപ്പെട്ടിരുന്നു. മസ്തകത്തിലെ മുറിവില്‍ അണുബാധയുമുണ്ടായി. വേദന അസഹ്യമാകുമ്പോള്‍ മുറിവില്‍ ആന സ്വയം ചെളിവാരിപ്പൊത്തിയതാണ് അണുബാധയുണ്ടാക്കിയത്.
Next Story