ഷൈന്‍ ടോം ചാക്കോ ചോദ്യം ചെയ്യലിന് എത്തിയത് ബെംഗളൂരുവിലെ ഡി അഡിക്ഷന്‍ സെന്ററില്‍ നിന്നും; ശ്രീനാഥ് ഭാസിയും മോഡല്‍ സൗമ്യയും എക് സൈസ് ഓഫീസില്‍

ആലപ്പുഴ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ എസ്. അശോക് കുമാറിന്റെ നേതൃത്വത്തിലാണു ചോദ്യം ചെയ്യല്‍.

ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക് സൈസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി നടന്‍ ഷൈന്‍ ടോം ചാക്കോ. ബെംഗളൂരുവിലെ ഡി അഡിക്ഷന്‍ സെന്ററില്‍ നിന്നും രാവിലെ വിമാന മാര്‍ഗ്ഗമാണ് താരം കൊച്ചിയിലെ എക് സൈസ് ഓഫീസില്‍ എത്തിയത്. എക്‌സൈസ് ആവശ്യപ്പെട്ടതിലും രണ്ടര മണിക്കൂര്‍ മുമ്പ് തന്നെ താരം ഹാജരായി. രാവിലെ 7.30 ഓടെയാണ് ഷൈന്‍ എക്‌സൈസ് ഓഫീസിലെത്തിയത്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് എത്തണമെന്നാണ് ഷൈന്‍ ടോം ചാക്കോയ്ക്ക് എക്‌സൈസ് നോട്ടീസ് നല്‍കിയിരുന്നത്.

താന്‍ ബെംഗളൂരുവിലെ ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലാണെന്നും ഒരു മണിക്കൂര്‍ കൊണ്ട് തന്നെ മടക്കി അയക്കണമെന്നും ഷൈന്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചു. കഞ്ചാവ് കേസില്‍ പിടിയിലായ തസ്ലീമയെ അറിയുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ ഷൈന്‍ തയ്യാറായില്ല.

ഷൈനൊപ്പം എക്‌സൈസ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി നോട്ടീസ് നല്‍കിയിരുന്ന നടന്‍ ശ്രീനാഥ് ഭാസിയും കൊച്ചിയിലെ മോഡല്‍ ആയ സൗമ്യയും ചോദ്യം ചെയ്യുന്നതിനായി സ്‌റ്റേഷനില്‍ എത്തിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരോട് സംസാരിച്ചോളാമെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് ശ്രീനാഥ് ഭാസി മറുപടി നല്‍കിയത്.

ആലപ്പുഴ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ എസ്. അശോക് കുമാറിന്റെ നേതൃത്വത്തിലാണു ചോദ്യം ചെയ്യല്‍. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ഇവരെ ചോദ്യം ചെയ്യുക എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ഒറ്റയ്ക്കിരുത്തിയാകും ചോദ്യം ചെയ്യുക. പിന്നീട് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഇതിനു ശേഷമാകും നടന്‍മാര്‍ ഉള്‍പ്പെടെ ഉള്ളവരെ കേസില്‍ പ്രതി ചേര്‍ക്കണോ എന്ന കാര്യത്തില്‍ അന്വേഷണസംഘം തീരുമാനമെടുക്കുക.

ലഹരി വില്‍പന നടത്തുന്നതിനിടെ പിടിയിലായ കേസിലെ ഒന്നാംപ്രതി കണ്ണൂര്‍ സ്വദേശി തസ്ലീമ സുല്‍ത്താന (ക്രിസ്റ്റീന-43)യുടെ മൊഴിയും എക്‌സൈസ് ഉദ്യോഗസ്ഥര്‍ മുഖവിലയ്‌ക്കെടുക്കുന്നുണ്ട്. ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് തസ്ലീമ എക്‌സൈസിന് നല്‍കിയ മൊഴി. പിന്നീട് എക്‌സൈസ് തസ്ലീമയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ നടന്‍മാരുമായുള്ള വാട്ട് സ് ആപ്പ് കോളുകളും ശ്രദ്ധയില്‍പെട്ടു.

ഇവരുമായി തസ്ലീമയ്ക്കു സാമ്പത്തിക ഇടപാടുണ്ടെന്നും കണ്ടെത്തി. ലഹരി ഇടപാടിന്റെ ഭാഗമായാണോ സാമ്പത്തിക ഇടപാട് നടന്നതെന്നു ചോദ്യം ചെയ്യലില്‍ വ്യക്തമായേക്കും. ഈ തെളിവുകളെല്ലാം ചോദ്യം ചെയ്യലില്‍ എക്‌സൈസിന് സഹായകരമാകും.

ടെലിവിഷന്‍ റിയാലിറ്റി ഷോ താരമായ ജിന്റോ, സിനിമ നിര്‍മാതാവിന്റെ സഹായി ജോഷി എന്നിവര്‍ക്ക് ചൊവ്വാഴ്ച മൊഴി നല്‍കാന്‍ എത്താന്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.

മറ്റൊരു കേസില്‍ കൊച്ചിയില്‍ പിടിയിലായ ഷൈന്‍ ടോം ചാക്കോ ആലപ്പുഴയിലെ കഞ്ചാവ് കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയതായി സൂചനകളുണ്ട്. ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് ഒരു പ്രമുഖ നടനുവേണ്ടിയാണെന്നാണ് സൂചന. ഇതിന്റെ നിജസ്ഥിതിയും ഉദ്യോഗസ്ഥര്‍ താരത്തില്‍ നിന്നും ചോദിച്ചറിയും. നടന്മാരെയും മോഡലിനെയും ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്‌തേക്കും. ഇതിനായി പ്രത്യേക ചോദ്യാവലിയും തയാറാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it