തിരുവനന്തപുരത്ത് കൂട്ടക്കുരുതി: യുവാവ് അഞ്ചുപേരെ വെട്ടിക്കൊന്നു, പ്രതി കീഴടങ്ങി

തിരുവനന്തപുരം: മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച് തലസ്ഥാനത്ത് കൂട്ടക്കൊലപാതകം. വെഞ്ഞാറമൂടും മറ്റു രണ്ടിടങ്ങളിലുമായി യുവാവ് അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തി.വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23കാരൻ അഫാൻ ആണ് അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തിയത്. പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയുമാണ് വെട്ടി കൊലപ്പെടുത്തിയത്. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അഫാൻ പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്.ഇവരുടെ വീട്ടിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടാമതായി പാങ്ങോട്ടെ വീട്ടിൽ പ്രതിയുടെ മാതാവിന്‍റെ ഉമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.

സൽമാ ബീവിയാണ് മരിച്ചത്. മൂന്നാമതായി എസ്എൻ പുരത്ത് രണ്ടു പേരെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. പ്രതിയുടെ ബന്ധുക്കളായ ലത്തീഫ്, ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. വെഞ്ഞാറമൂടിലെ വീട്ടിൽ വെച്ച് വെട്ടേറ്റ യുവാവിന്‍റെ മാതാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.സംഭവത്തിന് പിന്നാലെ പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. മരിച്ചവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായിട്ടില്ല. സ്റ്റേഷനിലെത്തിയ പ്രതി ആറുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് മൊഴി നൽകുകയായിരുന്നു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it