സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും കനത്ത വേനല്‍മഴയ്ക്ക് സാധ്യത; അടുത്ത അഞ്ചുദിവസം തുടര്‍ന്നേക്കും

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും കനത്ത വേനല്‍മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. അടുത്ത അഞ്ചുദിവസം മഴ തുടര്‍ന്നേക്കും. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു.
കേരളത്തിലെ 14 ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ പ്രത്യേക മഴ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടില്ല. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിന് സാധ്യത ഏറെയാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കഴിഞ്ഞദിവസം തലസ്ഥാന നഗരത്തില്‍ 45 മിനിറ്റിനിടെ 77.7 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്കും സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.