സൗജന്യ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍; ഉള്‍പ്പെടുത്തിയിരിക്കുന്നത് 15 ഇനങ്ങള്‍

ആറു ലക്ഷത്തില്‍ പരം എഎവൈ കാര്‍ഡുകാര്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യക്കിറ്റ് ലഭിക്കും

തിരുവനന്തപുരം: സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍ തുടങ്ങും. ആറു ലക്ഷത്തില്‍ പരം എഎവൈ കാര്‍ഡുകാര്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കുമാണ് ഭക്ഷ്യക്കിറ്റ് നല്‍കുന്നത്. എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യമായി ഓണക്കിറ്റ് ലഭിക്കുമെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് തെറ്റായ പ്രചാരണമാണെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു.

മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും കിട്ടുന്ന സൗജന്യ ഓണക്കിറ്റില്‍ തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചസാര ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റര്‍, തുവരപ്പരിപ്പ് 250 ഗ്രാം, ചെറുപയര്‍ പരിപ്പ് 250 ഗ്രാം, വന്‍പയര്‍ 250 ഗ്രാം, കശുവണ്ടി 50 ഗ്രാം, നെയ്യ് 50 എംഎല്‍, തേയില 250 ഗ്രാം, പായസം മിക്‌സ് 200 ഗ്രാം, സാമ്പാര്‍ പൊടി 100 ഗ്രാം, ശബരി മുളക് 100 ഗ്രാം, മഞ്ഞള്‍പ്പൊടി 100 ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം, ഉപ്പ് ഒരു കിലോ എന്നിവയാണ് അടങ്ങിയിരിക്കുന്നത്.

സെപ്റ്റംബര്‍ നാലിന് വിതരണം പൂര്‍ത്തിയാക്കും. അതേസമയം ബിപിഎല്‍-എപിഎല്‍ കാര്‍ഡ് എന്ന വ്യത്യാസം ഇല്ലാതെ ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Related Articles
Next Story
Share it