ഷൂട്ടിങ് പരിശീലകനും ദ്രോണാചാര്യ പുരസ്‌കാര ജേതാവുമായ പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു

ഒളിംപിക്‌സ് മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയുടേയും പരിശീലകനായിരുന്നു

കോട്ടയം: ഷൂട്ടിങ് പരിശീലകനും ദ്രോണാചാര്യ പുരസ്‌കാര ജേതാവുമായ പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു. 85 വയസായിരുന്നു. കോട്ടയം ഉഴവൂരില്‍ ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ കെ.ജെ. ജോസമ്മ. മനോജ് സണ്ണി, സനില്‍ സണ്ണി, സോണിയ സണ്ണി എന്നിവര്‍ മക്കളാണ്.

1993 മുതല്‍ 2012 വരെയുള്ള 19 വര്‍ഷക്കാലം ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു. ഒളിംപിക്‌സ് മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയുടേയും പരിശീലകനായിരുന്നു അദ്ദേഹം. മുന്‍ ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ കൂടിയായ സണ്ണി തോമസിന്റെ പരിശീലനത്തില്‍ ഇന്ത്യ നൂറിലേറെ അന്താരാഷ്ട്ര മെഡലുകള്‍ നേടിയിട്ടുണ്ട്. റൈഫിള്‍ ഓപ്പണ്‍ സൈറ്റ് ഇവന്റില്‍ കേരളത്തില്‍ നിന്നുള്ള മുന്‍ ഇന്ത്യന്‍ ദേശീയ ഷൂട്ടിങ് ചാമ്പ്യനാണ്.

2001-ല്‍ ദ്രോണാചാര്യ അവാര്‍ഡ് ലഭിച്ച അദ്ദേഹം 2004-ലെ ഏഥന്‍സ് ഒളിംപിക്‌സിലെ പരിശീലക സംഘത്തിന്റെ ഭാഗമായിരുന്നു. പുരുഷന്മാരുടെ ഡബിള്‍ ട്രാപ്പ് മത്സരത്തില്‍ രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് വെള്ളി മെഡല്‍ നേടി ഷൂട്ടിംഗില്‍ ഗെയിംസ് മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരനായി.

നാല് വര്‍ഷത്തിന് ശേഷം ബീജിംഗില്‍ നടന്ന ഒളിംപിക്‌സില്‍ അഭിനവ് ബിന്ദ്ര പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ വ്യക്തിഗത സ്വര്‍ണ്ണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറി. ഇതോടെ സണ്ണി തോമസിന്റെ മഹത്വം കൂടി.

ഇന്ത്യന്‍ ഷൂട്ടിംഗിന്റെ വളര്‍ച്ചയ്ക്ക് അടിത്തറയിട്ടത് പ്രൊഫസര്‍ സണ്ണി തോമസ് ആണെന്ന് അനുസ്മരണ കുറിപ്പില്‍ ഒളിംപിക്‌സ് ജേതാവ് അഭിനവ് ബിന്ദ്ര പറഞ്ഞു. പരിശീലകന്‍ മാത്രം ആയിരുന്നില്ല, വഴികാട്ടിയും മാര്‍ഗദര്‍ശിയും ആയിരുന്നു. തന്റെ കരിയറിലെ നിര്‍ണായക സ്വാധീനം എന്നും അഭിനവ് അനുശോചനക്കുറിപ്പില്‍ അഭിനവ് ബിന്ദ്ര പറഞ്ഞു.

Related Articles
Next Story
Share it