കണ്ണൂരില്‍ വെടിക്കെട്ടിനിടെ അമിട്ട് ആള്‍ക്കൂട്ടത്തിനിടയിലേക്ക് വീണ് പൊട്ടിത്തെറിച്ചു; 5 പേര്‍ക്ക് പരുക്ക്

കണ്ണൂര്‍:വെടിക്കെട്ടിനിടെ അമിട്ട് ആള്‍ക്കൂട്ടത്തിനിടയിലേക്ക് വീണ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. അഴീക്കോട് നീര്‍ക്കടവ് മുച്ചിരിയന്‍ ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെയാണ് സംഭവം. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇയാളെ മംഗലാപുരത്തെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
മറ്റുള്ളവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. 12 വയസുള്ള കുട്ടിയും പരുക്കേറ്റവരില്‍പെടുന്നു. പൊട്ടിത്തെറിയില്‍ പലര്‍ക്കും സാരമായ പരുക്കുണ്ട്. തെയ്യം തെങ്ങില്‍ കയറുന്ന പ്രസിദ്ധമായ ചടങ്ങുള്‍പ്പെടെയുള്ള ക്ഷേത്രമാണിത്.
വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. ബപ്പിരിയന്‍ തെയ്യം കാണാന്‍ വലിയ ജനക്കൂട്ടമാണ് ക്ഷേത്രത്തിലെത്തിയത്. ഇതിനിടെയാണ് അപകടം ഉണ്ടാകുന്നത്. നാടന്‍ അമിട്ട് മുകളില്‍ പോയി പൊട്ടാതെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടുകയായിരുന്നു.