പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍ അന്തരിച്ചു
200 ലേറെ പുസ്തകങ്ങളും പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്.

കോഴിക്കോട്: പ്രശസ്ത ചരിത്രകാരനും ഗവേഷകനും അധ്യാപകനുമായിരുന്ന ഡോ. എം.ജി.എസ് നാരായണന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയില്‍ ശനിയാഴ്ച രാവിലെ 9.52 ന് ആയിരുന്നു അന്ത്യം. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ അധ്യക്ഷനായിരുന്നു.
കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗത്തിന്റെ തലവനായി പ്രവര്‍ത്തിച്ചു. പൊന്നാനി സ്വദേശിയാണ്. നിലപാടുകള്‍ വെട്ടിതുറന്നു പറയുന്ന എം.ജി.എസ് കേരളത്തിന്റെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ അതുല്യ പ്രതിഭയാണ്. തന്റെ നിലപാടുകളിലെ കൃത്യതയും നിര്‍ഭയത്വവും കൊണ്ട് ഒരുപാട് ആരാധകരെയും സൃഷ്ടിച്ചു അദ്ദേഹം. 200 ലേറെ പുസ്തകങ്ങളും പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. ഭാര്യ: പ്രേമലത. മക്കള്‍: വിജയകുമാര്‍ (വ്യോമസേനാ ഉദ്യോഗസ്ഥന്‍), വിനയ (നര്‍ത്തകിയും മോഹിനിയാട്ടം ഗവേഷകയും).
ചേര രാജാക്കന്മാരെ കുറിച്ചുള്ള ആധികാരികമായ പഠനം എംജിഎസ് ആണ് നടത്തിയത്. ഈ പഠനത്തിനുശേഷമാണ് പെരുമാള്‍ ഓഫ് കേരള എന്ന പുസ്തകം എഴുതിയത്. ചരിത്ര രംഗത്തും കേരളത്തിന്റെ സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു എം.ജി.എസ്.
ശില താമ്ര ലിഖിതങ്ങള്‍ കണ്ടെത്തിയായിരുന്നു എം.ജി.എസിന്റെ ഗവേഷണം. കേരള ചരിത്ര ഗവേഷണത്തില്‍ മികവ് തെളിയിച്ചു. അന്തര്‍ദേശീയ ശ്രദ്ധ നേടിയ ഒട്ടേറെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. ബ്രിട്ടനിലെയും റഷ്യയിലെയും സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1932 ഓഗസ്റ്റ് 20 ന് പൊന്നാനിയിലാണ് മുറ്റായില്‍ ഗോവിന്ദമേനോന്‍ ശങ്കരനാരായണന്‍ എന്ന എംജിഎസ് നാരായണന്‍ ജനിച്ചത്. പിതാവ് ഗോവിന്ദമേനോന്‍ ഡോക്ടറായിരുന്നു. പരപ്പനങ്ങാടി ബിഇഎം സ്‌കൂള്‍, പൊന്നാനി എവി ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ പഠനം.
കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ ഇന്റര്‍മീഡിയറ്റ് പഠനത്തിനു ശേഷം ഫാറൂഖ് കോളജില്‍ ബിഎ ഇക്കണോമിക്‌സ് പഠിക്കാന്‍ ചേര്‍ന്നെങ്കിലും സുഹൃത്തുക്കളുടെ നിര്‍ബന്ധം കൊണ്ട് തൃശൂര്‍ കേരളവര്‍മ കോളജിലേക്കു മാറി. ബിരുദം നേടിയ ശേഷം മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ എംഎ ഇംഗ്ലീഷ് പഠിക്കാന്‍ പോയി. പക്ഷേ പ്രവേശനം കിട്ടിയത് ഹിസ്റ്ററിക്കാണ്. അങ്ങനെയാണ് ചരിത്രപഠനത്തിന്റെ വഴിയിലേക്ക് എംജിഎസ് എത്തിയത്.
കേരള സര്‍വകലാശാലയില്‍നിന്നു ചരിത്രത്തില്‍ പി.എച്ച്.ഡി നേടി. ഗുരുവായൂരപ്പന്‍ കോളജ്, കേരള സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ചരിത്ര വിഭാഗം തലവനായിരിക്കെ വിരമിച്ചു.
ഹൈസ്‌കൂള്‍ പഠനകാലത്ത് കവിതയെഴുത്തും ചിത്രംവരയുമുണ്ടായിരുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രംവര കണ്ടാണ് താന്‍ വരയ്ക്കുന്നത് നിര്‍ത്തിയതെന്ന് എം.ജി.എസ് പില്‍ക്കാലത്തു പറഞ്ഞിട്ടുണ്ട്. കവിതയ്ക്ക് ധാരാളം സമ്മാനം കിട്ടിയിരുന്നു. ഇടശ്ശേരിയുടെ നേതൃത്വത്തിലുള്ള 'പൊന്നാനിക്കളരി'യില്‍ എം.ജി.എസ് അംഗമായി.
ഉറൂബ്, കടവനാട് കുട്ടിക്കൃഷ്ണന്‍, അക്കിത്തം തുടങ്ങിയവരുടെ ശിക്ഷണത്തില്‍ എഴുതിത്തെളിഞ്ഞു. എം.ഗോവിന്ദന്‍ പത്രാധിപരായ മദ്രാസ് പത്രിക എന്ന മാസികയിലാണ് ആദ്യം കവിത അച്ചടിച്ചുവന്നത്. എസ്.എം മുറ്റായില്‍, എസ്.എം നെടുവ എന്നീ പേരുകളില്‍ കവിതകള്‍ അച്ചടിച്ചുവന്നിട്ടുണ്ട്.
ഇന്ത്യാചരിത്രപരിചയം, സാഹിത്യാപരാധങ്ങള്‍, കേരളചരിത്രത്തിന്റെ അടിസ്ഥാനശിലകള്‍, വഞ്ഞേരി ഗ്രന്ഥവരി, സെക്കുലര്‍ ജാതിയും സെക്കുലര്‍ മതവും, കോഴിക്കോടിന്റെ കഥ, ജനാധിപത്യവും കമ്യൂണിസവും, കേരളത്തിന്റെ സമകാലിക വ്യഥകള്‍, ചരിത്രകാരന്റെ കേരളദര്‍ശനം, കോഴിക്കോട് ചരിത്രത്തില്‍നിന്ന് ചില ഏടുകള്‍ തുടങ്ങിയ പുസ്തകങ്ങളും പെരുമാള്‍സ് ഓഫ് കേരള, മലബാര്‍ തുടങ്ങിയ വേഷണപ്രബന്ധങ്ങളുമാണ് പ്രധാന രചനകള്‍.