ആര്‍ ശ്രീലേഖയുടെ 'ഐപിഎസ്' വെട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍; നടപടി ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ പരാതിയില്‍

സര്‍വീസില്‍നിന്നു വിരമിച്ച ശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ 'ഐപിഎസ്' വെട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് ശ്രീലേഖയുടെ പേരാണ്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ടി.എസ്. രശ്മി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.

സര്‍വീസില്‍നിന്നു വിരമിച്ച ശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രശ്മിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ കുറച്ചു സ്ഥലങ്ങളിലെ പ്രചാരണ പോസ്റ്ററുകളില്‍ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്നെഴുതിയത് കമ്മിഷന്‍ മായ്ച്ചു കളഞ്ഞു. ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി ബാക്കിയിടങ്ങളില്‍ റിട്ടയേഡ് എന്നു ചേര്‍ക്കുകയും ചെയ്തു. ശാസ്തമംഗലത്തെ ബിജെപി സ്ഥാനാര്‍ഥിയാണ് ശ്രീലേഖ.

പേരിനൊപ്പം ഐപിഎസ് ഇല്ലെങ്കിലും എല്ലാവര്‍ക്കും തന്നെ അറിയാമെന്നാണ് സംഭവത്തില്‍ ശ്രീലേഖയുടെ പ്രതികരണം. ശ്രീലേഖയുടെ പോസ്റ്ററുകളിലും ഫ് ളക്സുകളിലും ഐപിഎസ് എന്നും ചുവരെഴുത്തില്‍ ഐപിഎസ് (റിട്ട) എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. തിരഞ്ഞെടുപ്പ് ഓഫിസിന് മുന്നിലെ ബോര്‍ഡില്‍ ആര്‍. ശ്രീലേഖ എന്നു മാത്രമാണ് എഴുതിയിരിക്കുന്നത്.

Related Articles
Next Story
Share it