തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: ഹൈക്കോടതി നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ അവരുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളില്‍ അനധികൃത പ്രചാരണ സാമഗ്രികള്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം

തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള അനധികൃത ഇന്‍സ്റ്റലേഷന്‍സ്, ബാനറുകള്‍, ബോര്‍ഡുകള്‍, കൊടികള്‍, തോരണങ്ങള്‍ എന്നിവയുടെ പരിശോധന ഊര്‍ജ്ജിതമാക്കാനും അവയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എല്ലാ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും ആവശ്യമായ നിര്‍ദ്ദേശം നല്‍കാനും ജില്ലാ കലക്ടര്‍മാരോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം മാതൃകാ പെരുമാറ്റചട്ടത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. പുതുക്കിയ നിര്‍ദ്ദേശ പ്രകാരം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ അവരുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളില്‍ അനധികൃത പ്രചാരണ സാമഗ്രികള്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം. അനുമതിയില്ലാതെ സ്ഥാപിക്കുന്ന ബാനറുകള്‍, ബോര്‍ഡുകള്‍, കൊടികള്‍, തോരണങ്ങള്‍ തുടങ്ങിയവ വേഗത്തില്‍ നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായ ശേഷം ഡി.ഇ.ഒ മാര്‍ ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

Related Articles
Next Story
Share it