Eid Al Fitr | മാസപ്പിറവി കണ്ടു; കേരളത്തില്‍ തിങ്കളാഴ്ച ചെറിയ പെരുന്നാള്‍

കോഴിക്കോട്: മാസപ്പിറവി ദൃശ്യമായി. വ്രതശുദ്ധിയുെട പുണ്യവുമായി കേരളത്തില്‍ ഇസ്ലാം മത വിശ്വാസികള്‍ തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ഞായാറാഴ്ച വൈകിട്ട് പൊന്നാനിയില്‍ ശവ്വാല്‍ അമ്പിളിക്കല തെളിഞ്ഞു.

ശവ്വാല്‍ മാസപ്പിറ കാണുന്നതോടെ പള്ളികളില്‍നിന്ന് തക്ബീര്‍ ധ്വനികളുയര്‍ന്നു. പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് ഫിത്തര്‍ സക്കാത്ത് വിതരണവും പൂര്‍ത്തിയാക്കും. ഇത്തവണ റംസാന്‍ 29 പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ആഘോഷിക്കുന്നത്. ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ചുള്ളതാണ് ഈദുല്‍ ഫിത് ര്‍ ആഘോഷം.

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച ഈദുല്‍ ഫിത് ര്‍ ആഘോഷിച്ചു. ഒമാനില്‍ തിങ്കളാഴ്ചയാണ് ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നത്. പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് ഗള്‍ഫിലെങ്ങും നടന്നത്.

തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നതിനാല്‍ വിശ്വാസികള്‍ നേരത്തെ ഒരുക്കം തുടങ്ങിയിരുന്നു. കുട്ടികള്‍ പടക്കം പൊട്ടിക്കാനും മൈലാഞ്ചി ഇടാനും ആരംഭിച്ചു. പുതു വസ്ത്രങ്ങള്‍ വാങ്ങി പെരുന്നാളിനെ വരവേല്‍ക്കാനായി കാത്തിരിക്കുകയാണ് കുട്ടികള്‍ അടക്കമുള്ളവര്‍.

വീടുകളില്‍ അതിഥികളെ സത്കരിക്കാനുള്ള ഒരുക്കങ്ങളെല്ലാം തുടങ്ങി. എണ്ണ പലഹാരങ്ങളും മറ്റും മുന്‍ കൂട്ടി തയാറാക്കി വച്ചിരിക്കയാണ് എല്ലാവരും. കുടുംബ, സുഹൃദ് ബന്ധങ്ങള്‍ പുതുക്കാനും സ്നേഹം പങ്കുവെയ്ക്കാനുമുള്ള അവസരം കൂടിയാണ് ചെറിയ പെരുന്നാള്‍ ആഘോഷം.

വിശപ്പും ദാഹവും അടക്കിപ്പിടിച്ച പകലുകള്‍ക്ക് വിട പറഞ്ഞുകൊണ്ട് ഈദുല്‍ ഫിത് ര്‍ ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍. രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍ ഈദ് ഗാഹ് നടക്കും.



Related Articles
Next Story
Share it