ലഹരി ഉപയോഗത്തെ എതിര്‍ക്കണം: മദ്യപിക്കുന്നവരുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് എം.വി. ഗോവിന്ദന്‍

കൊല്ലം: ലഹരി ഉപയോഗത്തെ ശക്തിയായി എതിര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗത്തെ എതിര്‍ത്ത് പരാജയപ്പെടുത്താനുള്ള ബോധം രൂപപ്പെടുത്തണമെന്നും അങ്ങനെയൊരു പൊതുബോധം രൂപപ്പെടുത്താനുള്ള ഫലപ്രദമായ ഇടപെടല്‍ പാര്‍ട്ടിയുടെയും വര്‍ഗബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ ഉണ്ടാകണമെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു.

ആ ജനകീയ മുന്നേറ്റത്തില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും അണിചേരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. മദ്യപിക്കരുത് എന്നാണ് പാര്‍ട്ടി നിലപാടെന്നും മദ്യപിക്കുന്നവരുണ്ടെങ്കില്‍ പുറത്താക്കുമെന്നും പറഞ്ഞ പാര്‍ട്ടി സെക്രട്ടറി തങ്ങളാളാരും ഒരുതുള്ളിപോലും ഇതുവരെ കഴിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല, അങ്ങനെ വലിക്കാന്‍ പാടില്ല എന്ന ദാര്‍ശനികമായ ധാരണയില്‍ നിന്ന് വന്നവരാണ് ഞങ്ങളെല്ലാം. അഭിമാനത്തോടെയാണ് ലോകത്തോട് ഞാനിത് പറയുന്നത്. അങ്ങനെയുള്ള ലക്ഷക്കണക്കിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പര്‍മാരുള്ള നാടാണ് കേരളം.

അപ്പോള്‍ മദ്യപാനത്തെ ശക്തിയായി എതിര്‍ക്കുക. സംഘടനാപരമായ പ്രശ്നമാക്കി നടപടിയെടുത്ത് പുറത്താക്കുക. അല്ലെങ്കില്‍ ഒഴിവാക്കുകയോ തിരുത്തിക്കുകയോ ചെയ്യുക. ആ നിലപാട് ഞങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഇനിയും സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.

ബാലസംഘത്തിലൂടെയും വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടേയും യുവജന പ്രസ്ഥാനത്തിലൂടേയും വരുമ്പോള്‍ ആദ്യത്തെ പ്രതിജ്ഞ വ്യക്തിജീവിതത്തില്‍ ഇതുപോലുള്ള മുഴുവന്‍ കാര്യങ്ങളും ഒഴിവാക്കുമെന്നാണ്. നവോത്ഥാന പ്രസ്ഥാനത്തിന്റേയും ദേശീയ പ്രസ്ഥാനത്തിന്റേയും അതിന്റെ തുടര്‍ച്ചയായി വന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും മൂല്യങ്ങള്‍ ചേര്‍ത്തുകൊണ്ടാണ് ഞങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്നിന്റെ വലിയരീതിയിലുള്ള വിപണനവും ഉപഭോഗവും ലോകത്താകെ നടക്കുന്നു. അത് കേരളത്തില്‍ സജീവമാകുന്നു എന്നതാണ് സമീപ ദിവസങ്ങളില്‍ വന്ന ചില സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.

തീര്‍ച്ചയായും കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവിഭാഗം ജനങ്ങളുമായി ചേര്‍ന്ന് ഈ വിപത്തിനെതിരായ ജനകീയമായ മുന്നേറ്റം കേരളത്തില്‍ സൃഷ്ടിക്കേണ്ടതായിട്ടുണ്ട്. സര്‍ക്കാര്‍ മുന്‍കൈയെടുത്തുകൊണ്ട് വിദ്യാലയങ്ങളിലുള്‍പ്പെടെ ഈ വിഷയം ഗൗരവപൂര്‍വം കൈകാര്യം ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles
Next Story
Share it