ശബരിമലയില്‍ ഭക്ത കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതിയാണ് മരിച്ചത്

തിരുവനന്തപുരം: ശബരിമലയില്‍ ഭക്ത കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതി(58)യാണ് മരിച്ചത്. മലകയറുന്നതിനിടെ അപ്പാച്ചിമേട് ഭാഗത്ത് വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വൃശ്ചിക മാസ പൂജകള്‍ക്കായി നട തുറന്നതിന് ശേഷം ദര്‍ശനത്തിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച മാത്രം ഒരു ലക്ഷത്തിലധികം ഭക്തരാണ് മല കയറിയത്. ഒന്നര ദിവസത്തിനിടെ 1,63,000 ല്‍ അധികം പേര്‍ മല ചവിട്ടി. ദര്‍ശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂര്‍ വരെ നീണ്ടുനിന്നു. മണിക്കൂറുകള്‍ വരി നിന്നാണ് തീര്‍ത്ഥാടകര്‍ അയ്യനെ തൊഴുതു മടങ്ങുന്നത്. തീര്‍ത്ഥാടക പ്രവാഹം തുടരുകയാണ്. സന്നിധാനത്ത് തിരക്ക് കൂടുന്നത് നിയന്ത്രിക്കാന്‍ പമ്പ മുതല്‍ ക്രമീകരണം ഉണ്ടാകും. സന്നിധാനത്തെ തിരക്ക് കൂടി പരിഗണിച്ചാകും പമ്പയില്‍ നിന്ന് തീര്‍ത്ഥാടകാരെ കടത്തി വിടുക.

സത്രം വഴി, കാനന പാതയിലൂടെയും തിങ്കളാഴ്ച മുതല്‍ ഭക്തരെ കടത്തി വിടുന്നുണ്ട്. തിങ്കളാഴ്ച ശരാശരി 6 മണിക്കൂര്‍ വരെ കാത്തു നിന്ന ശേഷമാണ് സ്വാമിമാര്‍ ദര്‍ശനം നടത്തിയത്. ദിനംപ്രതി 90,000 പേര്‍ക്കാണ് മല കയറാന്‍ അവസരമുള്ളത്. ആകെ പതിനെട്ടു മണിക്കൂര്‍ ആണ് ശബരിമലയില്‍ ദര്‍ശന സമയം.

Related Articles
Next Story
Share it