കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുക: പിന്നാലെ നടന്ന മരണങ്ങളില്‍ ദുരൂഹത; കുടുംബം രംഗത്ത്
അഞ്ച് പേരുടെയും മരണ കാരണം കണ്ടെത്താന്‍ രാസപരിശോധന നടത്തും

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പുക ഉയര്‍ന്നതിന് പിന്നാലെ നടന്ന മരണങ്ങളില്‍ ആരോപണവുമായി കുടുംബങ്ങള്‍ രംഗത്ത്. വെസ്റ്റ്ഹില്‍ സ്വദേശി ഗോപാലന്‍ മരിച്ചത് വെന്റിലേറ്ററിന്റെ സഹായം നഷ്ടപ്പെട്ടതോടെയാണെന്ന് കുടുംബം ആരോപിച്ചു. വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്നതിന് മുമ്പ് ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടായിരുന്നുവെന്ന് കുടുംബം പറഞ്ഞു. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. മെഡിക്കല്‍ കോളേജില്‍ മരിച്ച നസീറയുടെ മരണവും സമാനമാണെന്നാണ് കുടുംബം പറയുന്നത്. അപകടം നടന്ന ശേഷം വെന്റിലേറ്ററില്‍ നിന്ന് നസീറയെ മാറ്റിയപ്പോഴാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വടകര സ്വദേശി സുരേന്ദ്രന്‍, കൊയിലാണ്ടി സ്വദേശി ഗംഗാധരന്‍, പശ്ചിമ ബംഗാളില്‍ നിന്നുള്ള ഗംഗ എന്നിവരുടെ ഉള്‍പ്പെടെ അഞ്ച് പേരുടെയും മരണ കാരണം കണ്ടെത്താന്‍ രാസപരിശോധന നടത്തും.
വെള്ളിയാഴ്ച വൈകീട്ടാണ് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലെ യു. പി. എസ് റൂമിൽ പുക ഉയര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. പുക ഉയര്‍ന്നതിന് പിന്നാലെ രോഗികള്‍ക്ക് ശ്വാസം മുട്ട് അനുഭവപ്പെട്ടു. തുടര്‍ന്ന് രോഗികളെ മറ്റ് ബ്ലോക്കുകളിലേക്ക് മാറ്റുകയായിരുന്നു.സംഭവം ചര്‍ച്ച ചെയ്യാന്‍ ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും.