ചാലക്കുടിയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച: ജീവനക്കാരെ കത്തികാട്ടി കൊള്ളയടിച്ചത് 15 ലക്ഷം

തൃശൂര്‍: ചാലക്കുടിയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച. ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. ബൈക്കിലെത്തിയ മോഷ്ടാവ് ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി 15 ലക്ഷത്തോളം രൂപയാണ് ക്യാഷ് കൗണ്ടറില്‍ നിന്നും കവര്‍ന്നതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. എന്നാല്‍ നഷ്ടപ്പെട്ട പണത്തിന്റെ കണക്ക് പരിശോധിച്ചതിന് ശേഷം മാത്രമേ യഥാര്‍ഥ തുക വ്യക്തമാകൂ.

സംഭവത്തെ കുറിച്ച് ജില്ലാ പോലീസ് ചീഫ് ബി കൃഷ്ണകുമാര്‍ പറയുന്നത്:

ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ ഒരുങ്ങുമ്പോഴായിരുന്നു മുഖംമൂടി ധരിച്ചെത്തിയ ആള്‍ ബാങ്കിലെത്തിയത്. മോഷ്ടാവ് കസേര ഉപയോഗിച്ച് കാഷ് കൗണ്ടറിന്റെ ഗ്ലാസ് തല്ലിത്തകര്‍ത്താണ് പണം അപഹരിച്ചത്. തുടര്‍ന്ന് കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് കയ്യില്‍ കിട്ടിയ കറന്‍സികള്‍ എടുത്ത ശേഷം സ്‌കൂട്ടറില്‍ കയറി സ്ഥലം വിടുകയായിരുന്നു. ചാലക്കുടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ബാങ്കില്‍ സംഭവ സമയം എട്ടു ജീവനക്കാരാണ് ഉണ്ടായിരുന്നത്. തൃശ്ശൂര്‍ ഭാഗത്തേക്കാണ് അക്രമി കടന്നിട്ടുള്ളത്. പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ഇവ കേന്ദ്രീകരിച്ചാണ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്. അക്രമി ബൈക്കില്‍ ബാങ്കിന് മുന്നിലെത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. ഹെല്‍മറ്റും ജാക്കറ്റും മാസ്‌കും ധരിച്ചാണ് അക്രമി ബാങ്കിനകത്തേക്ക് കടക്കുന്നതെന്ന് ദൃശ്യങ്ങളില്‍ കാണാം.

Related Articles
Next Story
Share it