'ഭൂട്ടാനില്‍ നിന്നും നിയമ വിരുദ്ധമായി വാഹനങ്ങള്‍ കടത്തി'; പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്
ഓപ്പറേഷന്‍ നുംകൂറിന്റെ ഭാഗമായാണ് റെയ്ഡ്

കൊച്ചി: ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. ഭൂട്ടാന്‍ സൈന്യം ഉപേക്ഷിച്ച വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി റജിസ്റ്റര്‍ ചെയ്ത് വിറ്റഴിച്ചവരെ കണ്ടെത്താനുള്ള ഓപ്പറേഷന്‍ നുംകൂറിന്റെ ഭാഗമായാണ് റെയ്ഡ്. ചൊവ്വാഴ്ച രാജ്യവ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് നടന്മാരുടെ വീടുകളിലും കസ്റ്റംസ് എത്തിയത്.
ചില വ്യവസായികളുടെയും ഇടനിലക്കാരുടെയും വീടുകളിലും ചില വാഹന ഷോറൂമുകളിലും റെയ്ഡ് നടക്കുന്നുണ്ട്. ക്രമക്കേടുമായി ബന്ധപ്പെട്ട് രേഖകള്‍ പിടിച്ചെടുത്തതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, കുറ്റിപ്പുറം, തൃശൂര്‍ ജില്ലകളിലെ 30 ഇടങ്ങളില്‍ പരിശോധന നടക്കുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും ദുല്‍ഖറിന്റെ പനമ്പള്ളി നഗറിലെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ കസ്റ്റംസ് എത്തിയെങ്കിലും വാഹനങ്ങളൊന്നും കാണാത്തതിനാല്‍ മടങ്ങി.
ലാന്‍ഡ് ക്രൂസര്‍, ലാന്‍ഡ് റോവര്‍, ടാറ്റ എസ് യുവികള്‍, മഹീന്ദ്രടാറ്റ ട്രക്കുകള്‍ എന്നിവ അടക്കം റോയല്‍ ഭൂട്ടാന്‍ ആര്‍മി ഉപേക്ഷിച്ച 150 വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി ഹിമാചല്‍ പ്രദേശില്‍ റജിസ്റ്റര്‍ ചെയ്ത് നാലിരട്ടി വിലയ്ക്കു വിറ്റഴിക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. അതില്‍ 20 എണ്ണം കേരളത്തിലാണ്. 8 തരം കാറുകളാണ് നികുതിവെട്ടിച്ച് ഇന്ത്യയില്‍ എത്തിച്ചത് എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഹിമാചല്‍ പ്രദേശിലെ 'എച്ച്പി52' റജിസ്‌ട്രേഷന്‍ നമ്പറിലാണ് കൂടുതല്‍ വാഹനങ്ങളും റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അവിടുത്തെ റജിസ്‌ട്രേഷന്‍ അതോറിറ്റിയുടെ നിരാക്ഷേപപത്രം (എന്‍ഒസി) ഉള്‍പ്പെടെയാണ് കേരളത്തില്‍ കാറുകള്‍ വിറ്റതും. കേരളത്തില്‍ എത്തിച്ച പല വാഹനങ്ങളും റീ റജിസ്റ്റര്‍ ചെയ്ത് 'കെഎല്‍' നമ്പറുകളാക്കിയിട്ടുണ്ട്. 5 ലക്ഷം രൂപയില്‍ താഴെ വിലയ്ക്കാണ് ഭൂട്ടാന്‍ പട്ടാളം വാഹനങ്ങള്‍ ഒരുമിച്ച് വിറ്റത്. ഇത്തരം വാഹനങ്ങള്‍ കേരളത്തില്‍ 40 ലക്ഷം രൂപയ്ക്കു വരെ വിറ്റഴിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
ഇത്തരത്തില്‍ വാഹനങ്ങള്‍ എത്തിക്കാന്‍ ഇന്ത്യയില്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഏജന്റുമാരെ കേന്ദ്രീകരിച്ച് കസ്റ്റംസ് കുറേകാലങ്ങളായി അന്വേഷണം നടത്തുകയായിരുന്നു. ഈ അന്വേഷണത്തിലാണ് ഉപഭോക്താക്കള്‍ ആരൊക്കെയാണെന്ന് കണ്ടെത്തിയത്. ഇവരില്‍ പ്രമുഖ സിനിമാ താരങ്ങള്‍, വ്യവസായികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം.
'ഇന്ത്യന്‍ നിയമം സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ ഇറക്കുമതി നിരോധിക്കുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ വെബ് സൈറ്റിലും ഞങ്ങളുടെ വെബ് സൈറ്റിലും വ്യാജരേഖകള്‍ ഉള്‍പ്പെടെ 10 മുതല്‍ 15 വരെ നിയമലംഘനങ്ങള്‍ നിയമവിരുദ്ധ ഇറക്കുമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്,' കസ്റ്റംസ് വൃത്തങ്ങള്‍ പറഞ്ഞു.
നിയമവിരുദ്ധമായി ഇറക്കുമതി ചെയ്തതായി കണ്ടെത്തിയ വാഹനങ്ങള്‍ പിടിച്ചെടുക്കും. പ്രസക്തമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്ത ഉടമകള്‍ക്ക് ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരുമെന്നും കസ്റ്റംസ് വ്യക്തമാക്കി.