നേതാക്കളെല്ലാം കൈവിട്ടു; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷപദവി രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവയ്ക്കും
എംഎല്‍എ സ്ഥാനത്ത് തുടരും

തിരുവനന്തപുരം: അശ്ലീല സന്ദേശമയച്ചുവെന്ന പുതുമുഖ നടി റിനി ആന്‍ ജോര്‍ജിന്റെ ആരോപണത്തെ ഗൗരവത്തിലെടുത്ത് നേതാക്കള്‍. നിരവധി പേര്‍ രാഹുലിനെതിരെ ആരോപങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെ കടുത്ത നടപടി എടുക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ നിന്നും തന്നെ ഉയര്‍ന്നുവരികയാണ്.
ഇതോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷപദവി രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവയ്ക്കുമെന്നാണ് അറിയുന്നത്. ഇതുസംബന്ധിച്ച നിര്‍ദേശം ഹൈക്കമാന്‍ഡ് രാഹുലിന് നല്‍കിയതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ രാഹുലിനെതിരെ ദേശീയ നേതൃത്വവും നടപടി എടുക്കാന്‍ മുന്നോട്ട് വന്നിരിക്കുകയാണ്. രാഹുലിനെ മാറ്റുന്നത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും രാവിലെ ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളുമായി കൂടുതല്‍ ചര്‍ച്ച നടത്തിയ ശേഷമാണ് രാഹുലിനോട് രാജി ചോദിച്ചുവാങ്ങാന്‍ ആവശ്യപ്പെട്ടത്.
സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്ക് പാര്‍ട്ടിയിലെ വനിതാ നേതാക്കള്‍ രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു. ഇത് അന്വേഷിക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തോട് ദീപാദാസ് മുന്‍ഷി ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് രാഹുലിനെതിരെ സംഘടന നടപടി ആലോചിച്ചു തുടങ്ങിയത്.
തെറ്റുകാരനെങ്കില്‍ രാഹുലിനെ സംരക്ഷിക്കേണ്ടതില്ലെന്നായിരുന്നു നേതാക്കളുടെ നിലപാട്. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ രാഹുലിനെ സംരക്ഷിക്കുന്നത് പാര്‍ട്ടിക്ക് ചീത്തപേരുണ്ടാക്കും എന്നും വിലയിരുത്തലുണ്ടായി. അതേ സമയം, രാഹുല്‍ എംഎല്‍എ ആയി തുടരുമെന്നാണ് വിവരം. രാഹുലിനെതിരായ ആരോപണങ്ങള്‍ക്കു പിന്നാലെ രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നടത്താനിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കിയിരുന്നു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വാര്‍ത്താസമ്മേളനം റദ്ദാക്കിയത് എന്നായിരുന്നു ഓഫിസിന്റെ വിശദീകരണം.
പാര്‍ട്ടിയിലെ ഏതെങ്കിലും നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നാല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞിരുന്നു. ആരോപണമുന്നയിച്ച പെണ്‍കുട്ടി റിനി മകളെപ്പോലെയാണെന്ന് പറഞ്ഞ സതീശന്‍ രാഹുല്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ വിട്ടു വീഴ്ചയുണ്ടാകില്ല എന്നും വ്യക്തമാക്കി. എത്ര വലിയ നേതാവ് ആണെങ്കിലും നടപടിയെടുക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കടുത്ത അതൃപ്തിയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും രാഹുലിനെതിരെ നടപടി എടുക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നായിരുന്നു കെ സുധാകരന്റേയും പ്രതികരണം.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുലിനെ മാറ്റിയാല്‍ പകരം അധ്യക്ഷ സ്ഥാനത്തേക്ക് അബിന്‍ വര്‍ക്കിക്കും കെഎം അഭിജിത്തിനുമാണ് സാധ്യത കല്‍പിക്കുന്നത്. ആരോപണങ്ങളില്‍ രാഹുല്‍ വ്യക്തത വരുത്തണമെന്ന ആവശ്യം യൂത്ത് കോണ്‍ഗ്രസ്സില്‍ നിന്നും ഉയരുന്നുണ്ട്. സംസ്ഥാന കമ്മിറ്റി വാട്‌സ് ആപ് ഗ്രൂപ്പിലാണ് ചര്‍ച്ച നടക്കുന്നത്. വിഷയത്തില്‍ രാഹുല്‍ നിശബ്ദത വെടിയണമെന്നും വ്യക്തത വരുത്തണമെന്നും വനിതാ നേതാവ് ആവശ്യപ്പെട്ടു.
ആരോപണം ശരി അല്ലെങ്കില്‍ രാഹുല്‍ വിശദീകരിക്കണമെന്നും കൂടുതല്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ കഴിഞ്ഞദിവസം തുടങ്ങിയ ചര്‍ച്ച ഇപ്പോഴും തുടരുകയാണ്. രാഹുലിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി സ്‌നേഹയാണ്. സ്‌നേഹയുടെ വിമര്‍ശനത്തെ പിന്തുണച്ചു ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫില്‍ രംഗത്തെത്തി. രാഹുലിനെതിരെ ചാണ്ടി ഉമ്മന്‍ പക്ഷവും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളവും രാജി ആവശ്യപ്പെട്ടു.
ജനപ്രതിനിധിയായ യുവനേതാവ് തനിക്ക് അശ്ലീല സന്ദേശമയച്ചുവെന്നും എതിര്‍ത്തിട്ടും തുടര്‍ന്നുവെന്നുമുള്ള പുതുമുഖ നടി റിനി ആന്‍ ജോര്‍ജിന്റെ ആരോപണത്തിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് വാട്‌സാപ് ഗ്രൂപ്പില്‍ ശബ്ദസന്ദേശം വന്നത്. നേതാവിന്റെ പേരു വെളിപ്പെടുത്താന്‍ നടി തയാറായിരുന്നില്ല. ആരോപണ വിധേയന്റെ പാര്‍ട്ടിയിലുള്ള പലരുമായും നല്ല ബന്ധമുള്ളതിനാലാണ് ഇതെന്നും റിനി പറഞ്ഞു.
സമൂഹമാധ്യമം വഴിയാണ് യുവനേതാവിനെ പരിചയപ്പെട്ടത്. മൂന്നര വര്‍ഷം മുന്‍പാണ് ആദ്യമായി മെസേജ് അയച്ചത്. ഇതിനു ശേഷമാണു നേതാവ് ജനപ്രതിനിധിയായത്. തുടക്കം മുതല്‍ മോശം മെസേജുകള്‍ അയയ്ക്കുകയായിരുന്നു. തന്നെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്കും ക്ഷണിച്ചു. പാര്‍ട്ടിയിലെ നേതാക്കളോടു പരാതി പറഞ്ഞിരുന്നു. നേതൃത്വത്തോടു പരാതിപ്പെടുമെന്നു യുവ നേതാവിനോടു പറഞ്ഞപ്പോള്‍ 'പോയി പറയ്, ഹൂ കെയേഴ്‌സ്' എന്നായിരുന്നു മറുപടിയെന്നും നടി പറഞ്ഞിരുന്നു.