കോണ്‍ഗ്രസ് നേതാവും മുന്‍ സംസ്ഥാന കടാശ്വാസ കമ്മീഷന്‍ അംഗവുമായ എം.നാരായണന്‍കുട്ടി അന്തരിച്ചു
ബുധനാഴ്ച പുലര്‍ച്ചെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം

പയ്യന്നൂര്‍: കോണ്‍ഗ്രസ് നേതാവും മുന്‍ സംസ്ഥാന കടാശ്വാസ കമ്മീഷന്‍ അംഗവുമായ പയ്യന്നൂരിലെ എം.നാരായണന്‍കുട്ടി (75) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. കെ.എസ്.യു യൂനിറ്റ് പ്രസിഡണ്ടായി തുടങ്ങി പിന്നീട് സംഘടനയുടെ താലൂക്ക്, ജില്ലാ പ്രസിഡണ്ടായും സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ട്രഷററായി പ്രവര്‍ത്തിച്ചതിന് ശേഷം നീണ്ട പതിനാറ് വര്‍ഷം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
1982 മുതല്‍ കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗമായും പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിന്റെ സമര പോരാട്ടരംഗത്ത് സജീവ സാന്നിധ്യമായിരുന്ന കാലഘട്ടത്തില്‍ 1987-ല്‍ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തിയ കശുവണ്ടി സമരത്തില്‍ പങ്കെടുത്തതിന് പയ്യന്നൂരില്‍ ആക്രമണത്തിന് വിധേയനായി. 2001-ല്‍ പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും പി.കെ.ശ്രീമതിയോട് പരാജയപ്പെട്ടു.
പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ ജീവനക്കാരന്‍, പിന്നീട് ഇതേ സംഘത്തിലെ ഭരണസമിതി അംഗം, പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, കണ്ണൂര്‍ ജില്ല ആയുര്‍വ്വേദ മെഡിക്കല്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റീവ് ചെയര്‍മാന്‍, കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍ ഡയറക്ടര്‍, ജില്ലാ സഹകരണ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍, സംസ്ഥാന സര്‍ക്കാര്‍ എക്‌സിബിറ്റ് ലൈസന്‍സി അതോറിറ്റി മെമ്പര്‍, പിലാത്തറ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍, കേരള ഗാര്‍മെന്റ്‌സ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പയ്യന്നൂര്‍ കണ്ടങ്കാളിയിലെ മഞ്ഞാച്ചേരി അടിയോടി വീട്ടില്‍ ദേവി പിള്ളായാതിരി അമ്മയുടെയും കുന്നിയൂര്‍ കേശവ കുറുപ്പിന്റെയും മകനാണ്. ഭാര്യ: ടി.വി.ശോഭ (റിട്ട. സെക്രട്ടറി, പയ്യന്നൂര്‍ ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, പ്രസിഡണ്ട് പയ്യന്നൂര്‍ വനിതാ സഹകരണ സൊസൈറ്റി ).
മക്കള്‍: ശരത് നമ്പ്യാര്‍(ആരോഗ്യ ഹോം ഫിറ്റ് നസ് സൊലൂഷ്യന്‍ -പയ്യന്നൂര്‍), ഡോ. വരുണ്‍ നമ്പ്യാര്‍(നമ്പ്യാര്‍സ് ദന്തല്‍ സെന്റര്‍, പയ്യന്നൂര്‍). മരുമക്കള്‍:- രേഷ്മ ശരത് (മട്ടന്നൂര്‍).ഡോ. ധനലക്ഷമി വരുണ്‍(നീലേശ്വരം). സഹോദരങ്ങള്‍: ഡോ.എം.കേശവന്‍കുട്ടി (ബക്കളം), പരേതരായ എം.രാജഗോപാല്‍, എം.കമലാ ദേവി. സംസ്‌കാരം വൈകുന്നേരം 5.30ന് മൂരിക്കൊവ്വല്‍ സമുദായ ശ്മശാനത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.