സഹകരണ ബാങ്കിലെ 60 ലക്ഷം രൂപ വില വരുന്ന പണയ സ്വര്‍ണവുമായി ജീവനക്കാരന്‍ മുങ്ങിയതായി പരാതി
കണ്ണൂരില്‍ സിപിഎം നിയന്ത്രണത്തിലുള്ള ആനപ്പന്തി സര്‍വീസ് സഹകരണ ബാങ്കിന്റെ കച്ചേരിപ്പടവ് ശാഖയിലാണ് സംഭവം

കണ്ണൂര്‍: സഹകരണ ബാങ്കിലെ 60 ലക്ഷം രൂപ വില വരുന്ന പണയ സ്വര്‍ണവുമായി ജീവനക്കാരന്‍ മുങ്ങിയതായി പരാതി. കണ്ണൂരില്‍ സിപിഎം നിയന്ത്രണത്തിലുള്ള ആനപ്പന്തി സര്‍വീസ് സഹകരണ ബാങ്കിന്റെ കച്ചേരിപ്പടവ് ശാഖയിലാണ് സംഭവം. ഇതുസംബന്ധിച്ച് ബാങ്ക് സെക്രട്ടറി അനീഷ് മാത്യുവിന്റെ പരാതിയില്‍, ബാങ്കിലെ ജീവനക്കാരനും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ സുധീര്‍ തോമസിനെതിരെ ഇരിട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സുധീര്‍ തോമസിന്റെ ഭാര്യയുടേതടക്കം 60 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് മോഷണം പോയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മറ്റൊരാള്‍ക്ക് വേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നഷ്ടപ്പെട്ട സ്വര്‍ണ്ണത്തില്‍ ഭൂരിഭാഗവും ഒരാള്‍ പണയം വെച്ച ആഭരണങ്ങളാണ്. അതുകൊണ്ടുതന്നെ പണയ സ്വര്‍ണത്തിന് പകരം മുക്കുപണ്ടം വെച്ചത് മറ്റൊരാള്‍ക്ക് വേണ്ടിയാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ബാങ്കിലെ താത്കാലിക കാഷ്യറായ സുധീര്‍ തോമസ് സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയിരിക്കുകയാണ്. ബാങ്കില്‍ പണയം വെച്ച 18 പാക്കറ്റ് സ്വര്‍ണ്ണാഭരണങ്ങള്‍ കവരുകയും അതിന് പകരമായി മുക്കുപണ്ടം വെയ്ക്കുകയും ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി.
വെള്ളിയാഴ്ച ബാങ്ക് തുറക്കാനെത്തിയ മാനേജര്‍ സുധീര്‍ തോമസിന്റെ ബാഗും മൊബൈല്‍ ഫോണും ഒരു ലിസ്റ്റും ഓഫീസില്‍ നിന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം മോഷണം പോയ വിവരം അറിയുന്നത്.
തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സുധീര്‍ തോമസിന് വേണ്ടിയുള്ള അന്വേഷണവും തുടരുകയാണെന്ന് ഇരിട്ടി പൊലീസ് അറിയിച്ചു.