EMPURAAN | വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും 'എമ്പുരാന്‍' കണ്ടു

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും 'എമ്പുരാന്‍' കണ്ടു.തിരുവനന്തപുരം ലുലുമാളിലെ പിവിആര്‍ സിനിമാസില്‍ ശനിയാഴ്ച വൈകുന്നേരം ആറ് മണിക്കുള്ള പ്രദര്‍ശനത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും സിനിമ കാണാന്‍ എത്തിയത്.
സംഘപരിവാര്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയും കുടുംബവും സിനിമ കാണാനെത്തിയതെന്നത് ശ്രദ്ധേയമാകുന്നു. ബിജെപി-സംഘപരിവാര്‍ നേതാക്കള്‍ സിനിമയ്ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. സിനിമ സെന്‍സര്‍ ചെയ്തപ്പോള്‍ ഉള്ളടക്കം ശ്രദ്ധിക്കുന്നതില്‍ ആര്‍.എസ്.എസ് നോമിനികളായവര്‍ക്ക് വീഴ്ച പറ്റി എന്നാണ് ആരോപണം. അതേസമയം സിനിമ തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ മുന്നേറുകയാണ്.
സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് 'എമ്പുരാന്‍' സിനിമയില്‍നിന്നു പതിനേഴോളം ഭാഗങ്ങള്‍ നീക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നും നാളെയും അവധിയായതിനാല്‍ പുതിയ പതിപ്പ് ചൊവ്വാഴ്ച സെന്‍സര്‍ ബോര്‍ഡിന് നല്‍കും. തുടര്‍ന്ന് ബുധനാഴ്ചയോടെ തിയറ്ററുകളില്‍ എത്തിക്കാനാണ് ശ്രമം.
സ്ത്രീകള്‍ക്കെതിരായ അക്രമവും ചില കലാപരംഗങ്ങളും എന്‍ഐഎയുടെ ബോര്‍ഡുള്ള കാറിന്റെ ദൃശ്യവുമാണ് ഒഴിവാക്കുന്നത്. എഡിറ്റ് ചെയ്ത് നീക്കാനാകാത്ത ഭാഗങ്ങളില്‍ സംഭാഷണം നിശ്ശബ്ദമാക്കും. വില്ലന്റെ പേരുമാറ്റുമെന്നു പ്രചാരണമുണ്ടെങ്കിലും സ്ഥിരീകരണമില്ല. അതേസമയം സിനിമയ്ക്ക് പരസ്യ പിന്തുണയുമായി ഡി.വൈ.എഫ്.ഐ ഇന്ന് ഐക്യദാര്‍ഢ്യ പരിപാടി സംഘടിപ്പിക്കുന്നുണ്ട്.