സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു; രോഗി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍
സംസ്ഥാനത്ത് ഈ വര്‍ഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസാണിത്.

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു. തലവടിയില്‍ 48കാരനാണ് കോളറ സ്ഥിരീകരിച്ചത്. രോഗി ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തലവടി ഗ്രാമപ്പഞ്ചായത്ത് ആറാം വാര്‍ഡിലുള്ളയാള്‍ക്കാണ് കോളറ സ്ഥിരികരിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസാണിത്.
വയറിളക്കം ഉള്‍പ്പെടെ വിവിധ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംശയത്തെ തുടര്‍ന്ന് രക്തം പരിശോധിച്ചതോടെയാണ് രോഗം സ്ഥിരീകരിച്ചത്. തലവടിയില്‍ കോളറ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ സമീപവാസികളുടെ കിണറില്‍ നിന്നും മറ്റ് ജല സ്രോതസുകളില്‍ നിന്നും വെള്ളത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.
പുഞ്ചക്കൊയ്ത്ത് പൂര്‍ത്തീകരിച്ചതിന് പിന്നാലെ തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത് വലിയതോതില്‍ ഓരുവെള്ളം കുട്ടനാട്ടിലെത്തുന്നതിന് കാരണമായിരുന്നു. തരിശുകിടന്ന പാടശേഖരങ്ങളിലെല്ലാം ഓരുവെള്ളം വ്യാപിച്ചു. വിഷാംശം അടിഞ്ഞുകൂടിയ വെള്ളം വേലിയേറ്റ സമയത്ത് പൊതുജലാശയങ്ങളിലാകെ വ്യാപിച്ചത് കുടിവെള്ള പ്രശ്നം രൂക്ഷമാക്കി. അത്യാവശ്യ കാര്യങ്ങള്‍ക്ക് ഈ വെള്ളം ഉപയോഗിക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരാകുന്നതാകാം കോളറ പോലുള്ള രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.