ലോണ്‍ തിരിച്ചടവ് മുടങ്ങിയാല്‍ വീട്ടുകാരെ ഇറക്കി വിടുന്നത് ശരിയായ കാര്യമല്ലെന്ന് മുഖ്യമന്ത്രി

സാമ്പത്തിക ഇടപാട് മാത്രമല്ല, സാമൂഹിക പ്രതിബദ്ധത കൂടി എല്ലാത്തരം ബാങ്കുകളും പരിഗണിക്കേണ്ടതുണ്ടെന്നും പിണറായി വിജയന്‍

തിരുവനന്തപുരം: ലോണ്‍ തിരിച്ചടവ് മുടങ്ങിയാല്‍ വീട്ടുകാരെ ഇറക്കി വിടുന്നത് ശരിയായ കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ കേരള ബാങ്ക് സംഘടിപ്പിക്കുന്ന ഐടി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുട്ടികളുടെ പരീക്ഷ സമയങ്ങളില്‍ ജപ്തി അടക്കമുള്ള നടപടികളില്‍ നിന്ന് ബാങ്കുകള്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സാമ്പത്തിക ഇടപാട് മാത്രമല്ല, സാമൂഹിക പ്രതിബദ്ധത കൂടി എല്ലാത്തരം ബാങ്കുകളും പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ലോണ്‍ തിരിച്ചുപിടിക്കാന്‍ നിയമപരമായി പല വഴികള്‍ ഉണ്ട്. ഒരു വീട് മാത്രം ഉള്ളവരാണ് പലരും. ഇത്തരം കാര്യങ്ങളില്‍ നിയമ നിര്‍മാണം അടക്കം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്, നബാര്‍ഡിന് ഇക്കാര്യത്തില്‍ കൃത്യമായി ഇടപെടാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പ്രാഥമിക സഹകരണ സംഘങ്ങള്‍ കേരള ബാങ്കിന്റെ കൈവഴികളായി മാറേണ്ടതുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി അതിനുവേണ്ട നേതൃപരമായ പങ്ക് കേരള ബാങ്ക് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. സൈബര്‍ തട്ടിപ്പുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളി പ്രതിരോധിക്കണമെന്നും ഇതിനായി മാര്‍ഗ്ഗ രേഖകള്‍ ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Related Articles
Next Story
Share it