കരളുരുകി കരിമ്പ: നാല് വിദ്യാർത്ഥിനികൾക്കും വിട

പാലക്കാട് : മദ്രസ മുതൽ എട്ടാം ക്ലാസ് വരെ ഒരേ ക്ലാസിലിരുന്ന് പഠിച്ച നാല് പേരും ഒടുവിൽ ഒരുമിച്ച് മടങ്ങി. കരിമ്പ പനയംപാടത്ത് നിയന്ത്രണം വിട്ട് വിദ്യാർത്ഥിനികളുടെ മുകളിലേക്ക് പാഞ്ഞുകയറിയ ചരക്കുലോറി മറിഞ്ഞ് മരിച്ച നാല് പേരുടെയും മൃതദേഹം വീടുകളിലെത്തിച്ചു. അപ്രതീക്ഷിത വിയോഗത്തിൽ കരിമ്പ ചെറൂളി ഗ്രാമം കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയാണ് നൽകുന്നത്. കരിമ്പ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ റിദ (13) , ഇർഫാന ഷെറിൻ (13) , നിദ ഫാത്തിമ (13) , അയിഷ (13) എന്നിവരാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് ഒരുമിച്ച് മടങ്ങിയതായിരുന്നു അഞ്ച് വിദ്യാർത്ഥിനികൾ. ലോറി വരുന്നത് കണ്ട് ഓടി മാറിയ ഒരു കുട്ടി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. മരിച്ച നാല് പേരുടെ മൃതദേഹങ്ങളും തുപ്പനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വെള്ളിയാഴ്ച രാവിലെ ഖബറടക്കും.

പരിക്കേറ്റ ലോറി ഡ്രൈവർ വർഗീസ് (51), ക്ലീനർ മഹേന്ദ്രപ്രസാദ് (28) എന്നിവർ കാസർകോട് സ്വദേശികളാണ്. ഇവർ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.

പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ കരിമ്പ പനയം പാടത്തെ അശാസ്ത്രീയ റോഡ് നിർമാണത്തിനെതിരെ നാട്ടുകാർ നിരവധി തവണ രംഗത്ത് വന്നതാണ്. അപകടമുണ്ടായ വ്യാഴാഴ്ചയും നാട്ടുകാർ പ്രതിഷേധിച്ചു. വിഷയം ചർച്ച ചെയ്യാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it