സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

പ്രളയ സാധ്യത കണക്കിലെടുത്ത്‌ കാസര്‍കോട് ഉപ്പള നദിയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

കൊച്ചി: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതല്‍ നാലുദിവസം മഴ ശക്തമാകുമെന്നാണ് പ്രവചനം. മധ്യപ്രദേശിനും പശ്ചിമബംഗാളിനും മുകളിലുള്ള ഇരട്ട ന്യൂനമര്‍ദത്തിന്റെ ഫലമായിട്ടാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. വടക്കന്‍ സംസ്ഥാനങ്ങളെയാകും ന്യൂനമര്‍ദ്ദം കൂടുതല്‍ ബാധിക്കുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതിശക്തമായ മഴയുടെ സാഹചര്യം കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച് , യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ബുധനാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും അതിശക്തമായ മഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 14 വരെ കേരളത്തില്‍ 809.4 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്. കണ്ണൂരില്‍ 1460.3 മില്ലിമീറ്ററും കാസര്‍കോട് 1263.1 മില്ലിമീറ്ററും മഴ ലഭിച്ചു.

അതേസമയം കാസര്‍കോട് ഉപ്പള സ്റ്റേഷനില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പാണ് (IDRB) ഉപ്പള നദിയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

യാതൊരു കാരണവശാലും നദിയില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയാറാകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Related Articles
Next Story
Share it