'ഫോണ്‍ വെയിറ്റിംഗിലായി'; ആണ്‍സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനം; പോക്‌സോ കേസ് അതിജീവിത മരിച്ചു

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍സുഹൃത്തിന്റെ ക്രൂരപീഡനത്തിനിരയായ പോക്‌സ് കേസ് അതിജീവിതയായ 19 വയസ്സുകാരി മരിച്ചു. കഴിഞ്ഞ ആറുദിവസമായി യുവതി സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് യുവതിയെ വീട്ടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കയര്‍ മുറുകിയ നിലയിലായിരുന്നു. സംഭവത്തില്‍ ആണ്‍സുഹൃത്തായ അനൂപിനെ കസ്റ്റഡിയിലെടുത്തിരുന്നു. യുവതിയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കൊലപ്പെടുത്താന്‍ നോക്കിയതാണെന്നായിരുന്നു അനൂപ് പൊലീസിന് മൊഴി നല്‍കിയത്. സംഭവത്തില്‍ പൊലീസ് പറയുന്നതിങ്ങനെ.
യുവതിയെ ഫോണ്‍ വിളിച്ച് കിട്ടാത്തതിനാല്‍ അനൂപ് നേരെ യുവതിയുടെ വീട്ടിലേക്ക് പോയി. ആരോടാണ് സംസാരിച്ചതെന്ന് ചോദിച്ച് മര്‍ദ്ദിക്കുകയായിരുന്നു. യുവതിയുടെ തല ഭിത്തിയിലിടിച്ചു. ചുറ്റിക കൊണ്ടടിച്ചു. തുടര്‍ന്ന് യുവതിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. ക്രൂരമായ ആക്രമണത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഷാളില്‍ തൂങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ചു. ആത്മഹത്യാ ശ്രമത്തിനിടെ യുവതി തൂങ്ങാന്‍ ശ്രമിച്ച ഷാള്‍ അനൂപ് മുറിച്ച് യുവതിയെ താഴെ ഇട്ടു. ശ്വാസം കിട്ടാതെ ഒച്ചയിട്ട പെണ്‍കുട്ടിയുടെ വായുമൂക്കും പൊത്തിപ്പിടിച്ചതോടെ പെണ്‍കുട്ടി അബോധാവസ്ഥയിലായി. പിന്നാലെ ശരീരത്തില്‍ ഇയാള്‍ വെള്ളമൊഴിച്ചു. വെളളമൊഴിച്ചപ്പോള്‍ അപസ്മാരം ഉണ്ടാവുകയും ഇത് മാറാന്‍ ചുറ്റിക കയ്യില്‍ കൊടുത്തു. അപസ്മാരം മാറിയ ശേഷം ചുറ്റിക ഉപയോഗിച്ചും മര്‍ദ്ദിച്ചു. യുവതി ബോധരഹിതയായപ്പോള്‍ മരിച്ചെന്ന് കരുതി അനൂപ് സ്ഥലം വിടുകയായിരുന്നു. അതീവഗുരുതരാവസ്ഥയില്‍ കണ്ട യുവതിയുടെ കൈയിലെ മുറിവ് ഉറുമ്പരിച്ച നിലയിലായിരുന്നു. കട്ടിലിന് താഴെ കിടക്കുന്ന നിലയില്‍ ഒരു ബന്ധുവാണ് കുട്ടിയെ കണ്ടത്. കണ്ണ് തുറന്നു കിടക്കുകയായിരുന്നു. നാവ് കടിച്ചിട്ടുണ്ടായിരുന്നു. സ്ഥലത്ത് കയറൊന്നും ഉണ്ടായിരുന്നില്ല. പൊലീസ് എത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.