വിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു; ആശുപത്രിയിലെത്തി താലികെട്ടി വരന്‍

തുമ്പോളി സ്വദേശി ഷാരോണും ആവണിയുമാണ് വിവാഹിതരായത്

ആലപ്പുഴ: വിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി താലികെട്ടി വരന്‍. തുമ്പോളി സ്വദേശി ഷാരോണും ആവണിയുമാണ് അപകടം ഉണ്ടാക്കിയ പരിഭ്രാന്തിക്കിടെ വിവാഹിതരായത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.12 നും 12.25 നും മധ്യേയുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം നടക്കേണ്ടത്. വിവാഹത്തിനായുള്ള ഒരുക്കം നടത്താന്‍ തണ്ണീര്‍മുക്കത്ത് ബ്യൂട്ടീഷ്യന്റെ അടുത്തു പോയി മടങ്ങുംവഴി വധു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ വധുവിനും കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ക്കും പരിക്കേറ്റു. ഇവരെ ആദ്യം കോട്ടയം മെഡിക്കല്‍ കോളജിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകട വിവരം അറിഞ്ഞതോടെ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ ആശുപത്രിയിലേക്ക് പാഞ്ഞു.

ആരോഗ്യനിലയില്‍ വലിയ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ ബന്ധുക്കള്‍ക്കും ആശ്വാസം. ഇതോടെ ആശുപത്രിയില്‍ തന്നെ താലികെട്ടാന്‍ തീരുമാനിച്ചു. അങ്ങനെ കെട്ടും നടന്നു. ഓഡിറ്റോറിയത്തില്‍ വിവാഹസദ്യയും വിളമ്പി. ആവണിക്ക് നട്ടെല്ലിനാണ് പരിക്ക്. കാലിന്റെ എല്ലിന് പൊട്ടലുമുണ്ട്. ശനിയാഴ്ച സര്‍ജറി നടക്കും. ആവണിയുടെ കൂടെ പരിക്കേറ്റ മൂന്നു പേരും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

Related Articles
Next Story
Share it