ബക്രീദ്: പ്രൊഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ചയും ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചു
വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍.ബിന്ദു എന്നിവര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് പ്രൊഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ചയും (ജൂണ്‍ 6) ശനിയാഴ്ചയും (ജൂണ്‍ 7) സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍.ബിന്ദു എന്നിവര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തേ, സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ചയായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി വെള്ളിയാഴ്ചയില്‍ നിന്ന് ശനിയാഴ്ചയിലേക്ക് മാറ്റിയതില്‍ മുസ്‌ലിം ലീഗും അധ്യാപക സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് രാത്രിയോടെ വെള്ളിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 6നാണ് നേരത്തേ ബക്രീദ് പൊതു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മാസപ്പിറവി വൈകിയതിനെ തുടര്‍ന്ന് ബക്രീദ് ജൂണ്‍ 7നാണെന്ന് മതപണ്ഡിതര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ അവധിയെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാവുകയും അവധി ശനിയാഴ്ചയിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെയാണ് പല കോണില്‍നിന്നും എതിര്‍പ്പുണ്ടായത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ശനിയാഴ്ച മാത്രമാണ് അവധി. 1881ലെ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് നിയമം ബാധകമായ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധിയായിരിക്കും. ആറാം തീയതി പ്രവൃത്തിദിവസം ആയിരിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.