മസ്തകത്തില്‍ മുറിവേറ്റ കൊമ്പനാനയെ മയക്കുവെടിവെച്ചു: വാഹനത്തില്‍ കയറ്റി; ദൗത്യം വിജയം

അതിരപ്പിള്ളി: മസ്തകത്തില്‍ മുറിവേറ്റ കൊമ്പനാനയെ മയക്കുവെടിവച്ച ശേഷം എലിഫന്റ് ആംബലന്‍സിലേക്ക് കയറ്റി. ആനയെ ചികിത്സിക്കുന്നതിനുള്ള രണ്ടാംഘട്ട ദൗത്യത്തിന്റെ ഭാഗമായി ബുധനാഴ്ച രാവിലെയാണ് ദൗത്യം തുടങ്ങിയത്. വെറ്റിലപ്പാറയ്ക്ക് സമീപം എണ്ണപ്പനത്തോട്ടത്തിലെ പുഴയിലേക്കിറങ്ങിയ ആന തുരുത്തിലേക്ക് നീങ്ങുമ്പോള്‍ ഡോ.അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ വെടിവയ്ക്കുകയായിരുന്നു.
വെടിയേറ്റ് മയങ്ങിവീണ ആനയെ കുങ്കിയാനകളുടെ സഹായത്തോടെയാണ് എഴുന്നേല്‍പ്പിച്ചത്. മയങ്ങിക്കിടന്ന ആനയ്ക്ക് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്കായി കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്ക് മാറ്റി. കോന്നി സുരേന്ദ്രന്‍, കുഞ്ചു, വിക്രം തുടങ്ങിയ കുങ്കിയാനകളാണ് കൊമ്പനെ തളയ്ക്കുന്നതിനായി എത്തിയത്.
വെടിയേല്‍ക്കും മുന്‍പ് ഗണപതി എന്ന മറ്റൊരു കാട്ടാനയും കൂടെയുണ്ടായിരുന്നു. വെടിവച്ച് ഭയപ്പെടുത്തിയാണ് അവിടെ നിന്നും ഗണപതിയെ തുരത്തിയത്. പിന്നീടാണ് മുറിവേറ്റ കാട്ടാനയെ മയക്കുവെടി വച്ചത്.
5 ടീമുകളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥര്‍ ദൗത്യം തുടങ്ങിയത്. ട്രാക്കിങ്, സപ്പോര്‍ട്ടിങ്, ഡാര്‍ട്ടിങ്, കുങ്കി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നിങ്ങനെയാണ് ടീമുകളെ തരം തിരിച്ചത്. പ്ലാന്റേഷന്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
ജനുവരി 15 മുതലാണ് മുറിവേറ്റ കൊമ്പനെ പ്ലാന്റേഷന്‍ എസ്റ്റേറ്റില്‍ കണ്ടുതുടങ്ങിയത്. 24ന് ആനയെ പിടികൂടി ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് മുറിവില്‍ പുഴുവരിച്ച നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തുടരാന്‍ തീരുമാനിച്ചത്. മുറിവ് ഭേദമാക്കുന്നതുവരെ കൂട്ടില്‍ പാര്‍പ്പിക്കാനാണ് തീരുമാനം.