പൃഥിരാജിന് പിന്നാലെ ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യം

കൊച്ചി: പൃഥിരാജിന് പിന്നാലെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.2022ലെ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ കാര്യത്തിലാണ് വ്യക്തത വരുത്തേണ്ടത്.

ഈ സിനിമകളുടെ ഓവര്‍സീസ് റൈറ്റും അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തിലുമാണ് വ്യക്തത തേടുന്നത്. മോഹന്‍ലാലിന് ദുബായില്‍ വെച്ച് രണ്ടരക്കോടി രൂപ കൈമാറിയതിലും വ്യക്തത തേടിയിട്ടുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് ഫിലിംസില്‍ 2022ല്‍ റെയ് ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നോട്ടീസ് അയച്ചതെന്നും എമ്പുരാന്‍ സിനിമ വിവാദവുമായി ബന്ധമില്ലെന്നുമാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ പറയുന്നത്.

2019 മുതല്‍ 2022 വരെയുള്ള കാലയളവിലെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട വിവരങ്ങളായിരുന്നു 2022ലെ റെയ്ഡില്‍ ഐ.ടി. വകുപ്പ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസം പൃഥിരാജിനും ഇന്‍കം ടാക്‌സ് നോട്ടീസ് നല്‍കിയിരുന്നു. മുമ്പ് അഭിനയിച്ച സിനിമകളുടെ പ്രതിഫലത്തില്‍ വ്യക്തത തേടിയാണ് നോട്ടീസ് അയച്ചത്. കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും ആദായനികുതി വകുപ്പ് റെയ് ഡ് നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടിയെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഈ മാസം മുപ്പതിനകം പൃഥ്വിരാജ് മറുപടി നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു.

നേരത്തേ കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ തേടിയായിരുന്നു പൃഥ്വിരാജിന് ഐ.ടി നോട്ടിസ് നല്‍കിയത്.

അതിനിടെ 'എമ്പുരാന്‍' നിര്‍മാതാവ് ഗോകുലം ഗോപാലനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുകയും കോഴിക്കോടും ചെന്നൈയിലുമുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. 1.5 കോടി രൂപയും സാമ്പത്തിക രേഖകളുമാണ് ഇ.ഡി ഇവിടെ നിന്നും പിടിച്ചെടുത്തത്. വിദേശ നാണയ വിനിമയ ചട്ടങ്ങളുടെ (ഫെമ) ലംഘനത്തിന്റെ പേരിലായിരുന്നു റെയ്ഡ്. റെയ് ഡുമായി ബന്ധപ്പെട്ട് ഗോകുലം ഗോപാലനെ ഇഡി വീണ്ടും ചോദ്യം ചെയ്യും.

Related Articles
Next Story
Share it