ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യം; 15 വയസ്സുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി.
ആദ്യം വാഹനാപകടമെന്നായിരുന്നു കരുതിയത്. എന്നാല്‍ മനപൂര്‍വം വാഹനമിടിപ്പിച്ചതാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിക്കുകയായിരുന്നു

തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. ശിക്ഷ ഉച്ചയ്ക്ക് വിധിക്കും. . കാട്ടാക്കട പൂവച്ചല്‍ സ്വദേശിയായ അരുണ്‍ കുമാറിന്റെയും ഷീബയുടെയും മകനായ ആദിശേഖറി(15)നെ 2023 ഓഗസ്റ്റ് 30നാണ് പ്രതി തിരുവനന്തപുരം പൂവച്ചല്‍ സ്വദേശിയായ പ്രിയരഞ്ജന്‍ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയത്.
പുളിങ്കോട് ക്ഷേത്രത്തിലെ മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം കാരണമാണ് കൊലപ്പെടുത്തിയെന്നാണ് കേസ്. സൈക്കിളോടിക്കുകയായിരുന്ന ആദിശേഖറിനെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആദിശേഖറിന്റേത് കരുതിക്കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.
ആദ്യം വാഹനാപകടമെന്നായിരുന്നു കരുതിയത്. എന്നാല്‍ മനപൂര്‍വം വാഹനമിടിപ്പിച്ചതാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിക്കുകയായിരുന്നു. കുട്ടിയുമായി മുന്‍പ് പ്രിയരഞ്ജന് തര്‍ക്കമുണ്ടായിരുന്നതായി രക്ഷിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.