ഫോണ്‍ കോളുകള്‍ നിര്‍ണായകമായി; ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ തെളിവ് ലഭിച്ചു; നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍
കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാം.

കൊച്ചി: ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ മൂന്നു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. എന്‍.ഡി.പി.എസ് സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരെ കേസെടുത്തിട്ടുള്ളത്.
സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിട്ടുള്ളത്. വിദഗ്ധ നിയമോപദേശം തേടിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഷൈന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിട്ടുള്ളത്. ഒപ്പം ഷൈന്റെ ഫോണ്‍ കോളുകളും നിര്‍ണായകമായി. കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യവും ഇപ്പോള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
ലഹരിമരുന്ന് ഉപയോഗിച്ചതിന് തെളിവ് ലഭിച്ചതിന്റേയും ഗൂഢാലോചന നടത്തിയതിനുമാണ് കേസ് എടുത്തതെന്നാണ് പൊലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാം. ലഹരിമരുന്ന് ഇടപാടുകാരന്‍ സജീറിനെ അറിയാമെന്ന് ഷൈന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് വിവരം.
നടന്റെ വൈദ്യ പരിശോധന നടത്തും. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടക്കത്തില്‍ പിടിച്ച് നിന്നെങ്കിലും പൊലീസിന്റെ തുടര്‍ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഷൈന്‍ ടോം ചാക്കോ പതറുകയായിരുന്നു.
ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതുമായി ബന്ധപ്പെട്ടാണ് ഷൈനെ പൊലീസ് ചോദ്യം ചെയ്തത്. ഡോര്‍ ഹോളിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ടത് കുറച്ച് തടിമാടന്‍മാരെയാണ്. മസിലുള്ള കുറച്ച് പേരെ ഒന്നിച്ച് കണ്ടപ്പോള്‍ പേടിച്ച് പോയി എന്നുമാണ് നടന്‍ മൊഴി നല്‍കിയത്.
പലരുമായും സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ശത്രുകള്‍ ഉണ്ട്, ഗുണ്ടകള്‍ അപായപ്പെടുത്താന്‍ വന്നതാണെന്ന് കരുതി. മസിലുള്ള കുറച്ച് പേരെ കണ്ടപ്പോള്‍ പേടിച്ചു. അങ്ങനെയാണ് ഇറങ്ങി ഓടിയത്. ചാടിയപ്പോള്‍ ഭയം തോന്നിയില്ല. ജീവന്‍ രക്ഷിക്കുക എന്നത് മാത്രമായിരുന്നു ആ നേരത്തെ ചിന്ത. ചാട്ടത്തില്‍ പരിക്കൊന്നും സംഭവിച്ചില്ലെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി. പൊലീസിനെ കബളിപ്പിക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും ഷൈന്‍ പറയുന്നു.
എന്നാല്‍, താരത്തിന്റെ ഈ മൊഴികളൊന്നും പൊലീസ് വിശ്വസിച്ചിട്ടില്ലെന്നാണ് കേസ് എടുത്തതില്‍ നിന്ന് വ്യക്തമാകുന്നത്. കേസ് എടുത്തതോടെ ഷൈന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് ശാസ്ത്രീയ പരിശോധന നടത്താനാകും. കേസിന്റെ മുന്നോട്ടുള്ള പോക്കില്‍ ഈ പരിശോധന ഫലം നിര്‍ണായകമാണ്. നിലവില്‍ ചുമത്തിയ രണ്ട് കുറ്റങ്ങളും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്. ഷൈന്റെ കൈവശം ലഹരിയൊന്നും കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ ശാസ്ത്രീയ പരിശോധന ഫലം അതിനിര്‍ണായകമാണ്.
ചോദ്യം ചെയ്യലിന് മുന്നോടിയായി പൊലീസ് നടത്തിയ അന്വേഷണങ്ങള്‍ ഷൈനെതിരെയുള്ള കുരുക്ക് മുറുക്കുന്നതായിരുന്നു. വാട് സ് ആപ്പ് ചാറ്റും ഗുഗിള്‍ പേ ഇടപാടുകള്‍ അടക്കം പരിശോധിച്ചപ്പോള്‍ ഷൈനെതിരെ തെളിവുകള്‍ ലഭിച്ചതിന്റെയും അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളതെന്നാണ് സൂചന. ഒപ്പം ഷൈന്റെ മൊഴികളിലെ വൈരുദ്ധ്യങ്ങളും കേസെടുക്കാനുള്ള കാരണമായിട്ടുണ്ട്. മലയാള സിനിമ ലോകത്തെ തന്നെ ഞെട്ടിക്കുന്നതാണ് ഈ നടപടി.