നിര്‍ദേശിച്ചതിനും അരമണിക്കൂര്‍ മുമ്പുതന്നെ പൊലീസ് സ്റ്റേഷനില്‍ ഹാജരായി നടന്‍ ഷൈന്‍ ടോം ചാക്കോ
32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് ഷൈനിന് വേണ്ടി എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് തയാറാക്കിയത്.

കൊച്ചി:കഴിഞ്ഞദിവസം ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെ സിനിമയെ വെല്ലുന്ന രീതിയില്‍ ഓടി രക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോ ചോദ്യം ചെയ്യലിനായി ഹാജരായി. കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് ഷൈന്‍ ഹാജരായത്. പത്തരയ്ക്ക് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും അരമണിക്കൂര്‍ മുമ്പുതന്നെ ഹാജരായി.
പുറത്തു കാത്തുനിന്നിരുന്ന മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ഷൈന്‍ സ്റ്റേഷനകത്തേയ്ക്ക് കയറിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഷൈന്‍ ഹാജരാകുമെന്നായിരുന്നു പിതാവ് കഴിഞ്ഞദിവസം അറിയിച്ചിരുന്നത്. വിശദമായ ചോദ്യം ചെയ്യലാണ് പൊലീസ് നടത്തുക. അതുകൊണ്ടു തന്നെ ചോദ്യം ചെയ്യല്‍ നീണ്ടേക്കുമെന്നും വിവരമുണ്ട്. ചോദ്യം ചെയ്യാന്‍ 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് തയാറാക്കിയത്.
സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തിലാണ് ഷൈനിനെ ചോദ്യം ചെയ്യുന്നത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ഷൈനിന്റെ പിതാവ് ചാക്കോ പറഞ്ഞു. ഷൈന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നും ഷൈന് എതിരെയുള്ള കേസ് ഓലപ്പാമ്പാണെന്നും പിതാവ് പറഞ്ഞു.
ഹോട്ടലില്‍ ഡാന്‍സാഫ് ടീം എത്തിയപ്പോള്‍ ഷൈന്‍ എന്തിന് ഇറങ്ങിയോടി, ഹോട്ടലില്‍ മുറിയെടുത്തത് എന്തിന്, ഒളിവില്‍ പോയത് എന്തിന് തുടങ്ങിയ കാര്യങ്ങളാണ് പൊലീസിന് അറിയേണ്ടത്. മുന്‍കാല കേസുകളെപ്പറ്റിയും ചോദിച്ചറിയും. ഹോട്ടലില്‍ പരിശോധന നടന്ന രാത്രിയില്‍ ഉണ്ടായ സംഭവങ്ങളെ കുറിച്ചും ചോദിച്ചറിയും. ഷൈനിന്റെ കഴിഞ്ഞ ഒരു മാസത്തെ കോള്‍ ലോഗുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈന്‍ നഗരത്തില്‍ താമസിച്ച 6 ഹോട്ടലുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു.
ഹോട്ടലുകളില്‍ താമസിച്ചിരുന്ന ദിവസങ്ങളില്‍ ഷൈനിനെ സന്ദര്‍ശിച്ചവരുടെ പട്ടികയും പൊലീസിന്റെ കൈവശമുണ്ട്. അടുത്തിടെ ഷൈന്‍ കേരളത്തിന് പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക് സൈസിന് കിട്ടിയ വിവരങ്ങളും പൊലീസ് കൈപ്പറ്റിയിട്ടുണ്ട്. ഇതടക്കം ചോദ്യം ചെയ്യലില്‍ ഉള്‍പ്പെടുത്തുമെന്നാണ് അറിയുന്നത്.
ഷൈനിനെ ഫോണില്‍ കിട്ടാത്തതിനാല്‍ കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം വെള്ളിയാഴ്ച നേരിട്ട് തൃശൂര്‍ കയ്പമംഗലത്തെ വീട്ടില്‍ എത്തി നോട്ടീസ് ഷൈനിന്റെ പിതാവിന് കൈമാറുകയായിരുന്നു. അതേസമയം, നടി വിന്‍സി അലോഷ്യസിന്റെ പരാതി അന്വേഷിക്കുന്ന സിനിമയുടെ ഇന്റേണല്‍ കമ്മിറ്റിക്ക് മുന്നില്‍ തിങ്കളാഴ്ച ഹാജരായി വിശദീകരണം നല്‍കാനാണ് ഷൈനിന്റെ തീരുമാനം. ഷൈന്റെ വിശദീകരണത്തിന് തിങ്കളാഴ്ച വരെ സമയം അനുവദിച്ച് കാത്തിരിക്കുകയാണ് താര സംഘടനയും.