''മഴ തോര്‍ന്നപോലെയുള്ള ഏകാന്തതയാണ് ഇപ്പോള്‍ എന്റെ മനസില്‍''- മോഹന്‍ലാല്‍

മഴ തോര്‍ന്നപോലെയുള്ള ഏകാന്തതായാണ് ഇപ്പോള്‍ എന്റെ മനസില്‍ എന്ന് പറഞ്ഞാണ് വിട പറഞ്ഞ എം.ടിയെ മോഹന്‍ലാല്‍ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിൽ സ്മരിച്ചു തുടങ്ങുന്നത്. ചേര്‍ത്തുപിടിക്കുമ്പോള്‍ മറ്റാര്‍ക്കും നല്‍കാനാവാത്ത സമാധാനവും സ്‌നേഹവും നെഞ്ചിലേക്ക് പകര്‍ന്നുതന്ന പിതൃതുല്യനായിരുന്നു എന്ന് ലാൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ മുഴുവന്‍ രൂപം

മഴ തോര്‍ന്നപോലെയുള്ള ഏകന്തതായാണ് ഇപ്പോള്‍ എന്റെ മനസില്‍. ആര്‍ത്തിയോടെ ഞാന്‍ വായിച്ച പുസ്തകങ്ങളില്‍ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളില്‍ നിന്ന്, അരങ്ങില്‍ നിന്നിറങ്ങിയിട്ടും ഹൃദയത്തില്‍ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളില്‍ നിന്ന് ഒക്കെ എന്റെ എം.ടി സാര്‍ പോയല്ലോ. ചേര്‍ത്തുപിടിക്കുമ്പോള്‍ മറ്റാര്‍ക്കും നല്‍കാനാവാത്ത സമാധാനവും സ്‌നേഹവും നെഞ്ചിലേക്ക് പകര്‍ന്നുതന്ന പിതൃതുല്യനായ എംടി സാര്‍ മടങ്ങിയല്ലോ.. .

എംടി സാര്‍ എനിക്ക് ആരായിരുന്നു എന്ന് പറയാന്‍ പോലും ആവുന്നില്ല. എല്ലാം ആയിരുന്നു എന്നുപറഞ്ഞാലും കുറഞ്ഞുപോവും. പഞ്ചാഗ്‌നിയിലെ റഷീദിനെപ്പോലെ, സദയത്തിലെ സത്യനാഥനെപ്പോലെ, ആ ഇതിഹാസം, മനസില്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ കഴിഞ്ഞതില്‍പ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോ?. വായിച്ച് കണ്ണുനിറഞ്ഞ വരികള്‍ അഭിനയിച്ചപ്പോള്‍ പ്രേക്ഷകരുടെ കണ്ണും നിറഞ്ഞതില്‍പ്പരം ഒരു സംതൃപ്തി ഇനി എനിക്ക് കിട്ടാനുണ്ടോ?

മലയാളത്തിന്റെ അഭിമാനത്തെ ജ്ഞാനപീഠത്തിലിരുത്തിയ, ബഹുമുഖപ്രതിഭയായിരുന്ന പ്രിയപ്പെട്ട എംടി സാറിന്, എങ്ങനെയാണ് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുക?

വേദനയോടെ, പ്രാര്‍ഥനകളോടെ...

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it