"ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി" വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കോഴിക്കോട് : മലയാള സാഹിത്യ പ്രതിഭ എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി നടൻ മമ്മൂട്ടി.ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു. കുറച്ച് മാസങ്ങൾക്ക് മുമ്പ് എറണാകുളത്ത് നടന്ന പരിപാടിയിൽ കാലിടറിയ എം.ടിയെ പിടിക്കാനാഞ്ഞ മമ്മൂട്ടിയുടെ നെഞ്ചിലേക്ക് എം.ടി ചാഞ്ഞു നിന്നപ്പോൾ ഉള്ള ഫോട്ടോയാണ് പോസ്റ്റിനൊപ്പം പങ്കുവെച്ചത്.

പോസ്റ്റിൻ്റെ മുഴുവൻ രൂപം

ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു.സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.

നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എൻ്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിൻ്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓർക്കുന്നില്ലിപ്പോൾ.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it