നടൻ കലാഭവൻ നവാസ് അന്തരിച്ചു
ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

കൊച്ചി: നടൻ കലാഭവൻ നവാസിനെ (51) ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളി രാത്രി 9.10നാണ് ചോറ്റാനിക്കര ഗവ. ഹൈസ്‌ക്കൂൾ മൈതാനത്തിന് എതിർവശത്തുള്ള വൃന്ദാവനം ഹോട്ടലിലെ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂലായ് 25 മുതൽ നവാസ് ഇവിടെ താമസിച്ചു വരികയാണെന്ന് ചോറ്റാനിക്കര പൊലീസ് പറഞ്ഞു. ഹോട്ടൽ ജീവനക്കാരനാണ് ആദ്യം മൃതദേഹം കണ്ടത്. മുറിയുടെ തറയിൽ വീണ നിലയിലായിരുന്നു മൃതദേഹം. ചോറ്റാനിക്കര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെ ശ്രദ്ധേയ അദ്ദേഹം 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചലച്ചിത്ര നടൻ അബൂബക്കറിന്റെ മകനാണ് കലാഭവൻ നവാസ്. നവാസിന്റ ഭാര്യ രഹ്‌ന സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സഹോദരൻ നിയാസ് ബക്കറും (മറിമായം കോയ) അഭിനേതാവാണ്.
ഹിറ്റ്‌ലർ ബ്രദേഴ്‌സ് (1997), ജൂനിയർ മാൻഡ്രേക്ക് (1997) , മാട്ടുപ്പെട്ടി മച്ചാൻ (1998), ചന്ദമാമ ( 1999) , തില്ലാന തില്ലാന (2003) എന്നീ സിനിമകളിൽ ശ്രദ്ധിക്കുപ്പെടുന്ന വേഷങ്ങൾ അവതരിപ്പിച്ചു