കണ്ണൂരില്‍ ആശാ പ്രവര്‍ത്തകയായ വീട്ടമ്മയ്ക്ക് നേരെ ആസിഡ് ആക്രമണം; ഭര്‍ത്താവ് അറസ്റ്റില്‍

മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍: ആശാ പ്രവര്‍ത്തകയായ വീട്ടമ്മയ്ക്ക് നേരെ ആസിഡ് ആക്രമണം നടന്നതായി പരാതി. കണ്ണൂര്‍ മട്ടന്നൂര്‍ കൂടാളി പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ കെ. കമലയ്ക്ക് (49) നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കെ.പി.അച്യുതനെ(58) മട്ടന്നൂര്‍ പൊലീസ് അറസ്റ്റുചെയ്തു.

വ്യാഴാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. പട്ടാന്നൂര്‍ നിടുകുളത്തെ വീട്ടില്‍ വച്ച് ഭര്‍ത്താവ് ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് യുവതി മട്ടന്നൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മട്ടന്നൂര്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് എം. അനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഭര്‍ത്താവ് കെ.പി. അച്യുതനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Articles
Next Story
Share it