പനിയും വയറുവേദനയുമായി ആശുപത്രിയിലെത്തിയ 9 വയസുകാരി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം; പിന്നാലെ സംഘര്‍ഷം

ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ഹൃദയസ്തംഭനമാണ് മരണ കാരണമെന്നും ആശുപത്രി അധികൃതര്‍

ആലപ്പുഴ: പനിയും വയറുവേദനയുമായി ആശുപത്രിലെത്തിയ 9 വയസുകാരി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി കുടുംബം. കായംകുളം എബ് നൈസര്‍ ആശുപത്രിയിലാണ് സംഭവം. കായംകുളം കണ്ണമ്പള്ളി സ്വദേശി അജിത്ത് - ശരണ്യ ദമ്പതികളുടെ മകള്‍ ആദിലക്ഷ്മിയാണ് മരിച്ചത്. വ്യാഴാഴ്ചയാണ് പനിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ എബ് നൈസര്‍ ആശുപത്രിയില്‍ പ്രവേശിച്ചത്.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഐസിയുവിലേക്ക് മാറ്റി. എട്ടുമണിയോടെ മരണം സംഭവിച്ചതായി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. ഇതോടെ ചികില്‍സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ഹൃദയസ്തംഭനമാണ് മരണ കാരണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

പ്രതിഷേധത്തെ തുടര്‍ന്ന് കായംകുളം ഡി.വൈ.എസ്.പി സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കായംകുളം സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ആദിലക്ഷ്മി.

സ്‌കാനിങ്ങിലും മറ്റു പരിശോധനകളിലും കുട്ടിക്കു കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. ശനിയാഴ്ച രാവിലെ കുത്തിവയ്പ് എടുത്തിരുന്നുവെന്നും ഇതോടെ ഉറക്കത്തിലായ കുട്ടി ഉണരാതെ വന്നതോടെ ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചതെന്നുമാണ് കുടുംബം പറയുന്നത്. തുടര്‍ന്ന് രോഷാകുലരായ ബന്ധുക്കള്‍ ആശുപത്രി അധികാരികളോട് തട്ടിക്കയറുകയും ആശുപത്രിയുടെ ജനല്‍ ചില്ലുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

Related Articles
Next Story
Share it