കോളറ രോഗ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച തലവടി സ്വദേശിയുടെ വിസര്‍ജ്യ പരിശോധനാ ഫലം നെഗറ്റീവ്

നേരത്തെ രക്തപരിശോധനയില്‍ കോളറയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു

ആലപ്പുഴ: കോളറ രോഗ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച തലവടി സ്വദേശിയുടെ പരിശോധനാ ഫലം നെഗറ്റീവ്. നേരത്തെ രക്തപരിശോധനയില്‍ കോളറയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ വിസര്‍ജ്യ സാംപിള്‍ പരിശോധനയില്‍ കോളറ കണ്ടെത്താനായില്ല. രണ്ടു പരിശോധനാ ഫലവും പോസിറ്റീവ് ആണെങ്കില്‍ മാത്രമേ കോളറ സ്ഥിരീകരിക്കാനാകൂ എന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തലവടി സ്വദേശി പി.ജി. രഘു (48) വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നടത്തിയ രക്തപരിശോധനയിലാണ് കോളറ സാന്നിധ്യം കണ്ടെത്തിയത്. വിസര്‍ജ്യ പരിശോധനഫലം രാവിലെയാണു ലഭിച്ചത്.

കടുത്ത വയറിളക്കവും ഛര്‍ദിയുമായാണ് തലവടി സ്വദേശിയെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കോളറയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. കരള്‍ സംബന്ധമായ അസുഖങ്ങള്‍ കൂടി മരിച്ച രഘുവിന് ഉണ്ടായിരുന്നു.

രോഗത്തിന്റെ ഉറവിടം ഇതുവരെ ആരോഗ്യവകുപ്പിന് കണ്ടെത്താനായിട്ടില്ല. 12 വര്‍ഷത്തിനുശേഷമാണ് കുട്ടനാട് മേഖലയില്‍ കോളറ സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് ഈ വര്‍ഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസാണിത്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് കോളറ ബാധിച്ച് കവടിയാര്‍ സ്വദേശിയായ കാര്‍ഷിക വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥന്‍ മരിച്ചിരുന്നു.

മരണാനന്തരം നടത്തിയ രക്ത പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 20ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. 2024 ആഗസ്റ്റില്‍ വയനാട്ടില്‍ കോളറ ബാധിച്ച് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ സ്വദേശി വിജില (30) മരിച്ചിരുന്നു.

തലവടി പഞ്ചായത്തില്‍ കോളറ രോഗബാധ സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം പുറത്തിറക്കി. ശുദ്ധജല സ്രോതസ്സുകളില്‍ നിന്നു സാംപിള്‍ ശേഖരിച്ചു. ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കും. ആരോഗ്യവകുപ്പിന്റെ നിര്‍ദേശമനുസരിച്ച് തലവടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ ആശാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വെക്ടര്‍ സര്‍വേ ആരംഭിച്ചു. മഴക്കാലപൂര്‍വ രോഗപ്രതിരോധ പ്രവര്‍ത്തനവും സജീവമാക്കി.

Related Articles
Next Story
Share it