ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ ബലമായി ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു; 27 കാരന് 18 വര്‍ഷം തടവ്

തളിപ്പറമ്പ് പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ആണ് ശിക്ഷ വിധിച്ചത്.

കണ്ണൂര്‍: ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന 16 കാരിയെ ബലമായി ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 18 വര്‍ഷം തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഏറ്റുകുടുക്ക മഞ്ചപ്പറമ്പ് മാത്തില്‍ കയനി വീട്ടില്‍ സി.അക്ഷയ് ബാബുവിനെയാണ് (27) കോടതി ശിക്ഷിച്ചത്. തളിപ്പറമ്പ് പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ആണ് ശിക്ഷ വിധിച്ചത്.

2023 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ബലമായി ബൈക്കില്‍ കയറ്റി ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. മേയിലും പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നു.

പീഡിപ്പിച്ച വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും സമൂഹ മാധ്യമത്തിലൂടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും അയച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടുകാരെ വിവരം ധരിപ്പിക്കുകയും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. പെരിങ്ങോം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വാദിഭാഗത്തിനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷെറി മോള്‍ ജോസ് ഹാജരായി.

Related Articles
Next Story
Share it