പുതിയ വീടിന്റെ സ്വിമ്മിംഗ് പൂളില്‍ വീണ് 2 വയസുകാരന് ദാരുണാന്ത്യം

മാമോദീസ കഴിഞ്ഞ് ദിവസങ്ങള്‍ക്കകം സംഭവിച്ച ദുരന്തത്തില്‍ നടുങ്ങി ബന്ധുക്കളും സമീപവാസികളും

പത്തനംതിട്ട: പുതിയ വീടിന്റെ സ്വിമ്മിംഗ് പൂളില്‍ വീണ് 2 വയസുകാരന് ദാരുണാന്ത്യം. പത്തനംതിട്ട കൊടുമണ്‍ ചന്ദനപ്പള്ളിയിലെ കോട്ടപ്പുറത്ത് ലിജോ ജോയിയുടെയും ലീന ഉമ്മന്റേയും മകന്‍ ജോര്‍ജ് സഖറിയ(2) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടാം തീയതി ആയിരുന്നു ജോര്‍ജിന്റെ മാമ്മോദീസ ചടങ്ങ് നടന്നത്. അഞ്ചാം തീയതി പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങും നടന്നു.

അയര്‍ലന്‍ഡിലായിരുന്ന ലിജോയും കുടുംബവും പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിനും മകന്റെ മാമോദീസ ചടങ്ങുകള്‍ക്കുമായി കഴിഞ്ഞമാസം 21-നാണ് നാട്ടില്‍ എത്തിയത്. ചടങ്ങുകളെല്ലാം കഴിഞ്ഞ് ഈ മാസം 19-ന് തിരികെ അയര്‍ലന്‍ഡിലേക്ക് പോകാനിരിക്കെയാണ് കുടുംബത്തെ കണ്ണീരിലാഴ്ത്തി മകന്റെ മരണം സംഭവിച്ചത്.

അടുത്തടുത്ത ദിവസങ്ങളില്‍ നടന്ന ആഘോഷം സംബന്ധിച്ച് വലിയ സന്തോഷത്തിലായിരുന്നു കുടുംബം. അതിനിടെയാണ് ശനിയാഴ്ച രാവിലെ 10 മണിയോടെ ദുരന്തം സംഭവിക്കുന്നത്. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്നു കുട്ടി. അതിനിടെയാണ് കാണാതാകുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പുറത്തിറങ്ങി തിരച്ചില്‍ നടത്തുന്നതിനിടെയാണ് വീടിനോട് ചേര്‍ന്ന് കിടക്കുന്ന സ്വിമ്മിങ് പൂളില്‍ മരിച്ച് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കളിച്ചുകൊണ്ടിരുന്ന ജോര്‍ജ് അബദ്ധത്തില്‍ കുളത്തില്‍ വീണതാകാമെന്നാണ് നിഗമനം. സഹോദരങ്ങള്‍: ജോണ്‍, ഡേവിഡ്. സംസ്‌കാരം വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ചന്ദനപ്പള്ളി സെയ്ന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയില്‍ നടക്കും.

Related Articles
Next Story
Share it