വാടക ഇനത്തില്‍ 18% ജി.എസ്.ടി; പുനപരിശോധിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം

കൊടിക്കുന്നില്‍ സുരേഷ് എം.പി നല്‍കിയ കത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്

വ്യാപാര സ്ഥാപനങ്ങളുടെ വാടകക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തിയ നടപടി പുന:പരിശോധിക്കുമെന്ന് ധനവകുപ്പ്. കൊടിക്കുന്നില്‍ സുരേഷ് എം.പി നല്‍കിയ കത്തിന് മറുപടിയായാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. നികുതി ചോരുന്നത് തടയാനാണ് റിവേഴ്‌സ് ചാര്‍ജ് മെക്കാനിസത്തിന്റെ ഭാഗമായി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാന പ്രകാരമാണ് ജി.എസ്.ടി നിരക്കില്‍ മാറ്റം വരുത്തുന്നതും ഒഴിവാക്കുന്നതും. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും പ്രതിനിധികള്‍ അടങ്ങുന്ന ജി.എസ്.ടി കൗണ്‍സില്‍ ഭരണഘടനാ സ്ഥാപനമാണ്. ഒക്ടോബര്‍ പത്തിന് നിലവില്‍ വന്ന നയം പരിശോധനയില്‍ ആണെന്നും ജി.എസ്.ടി കൗണ്‍സിലിന് മുമ്പാകെ വിഷയം ചര്‍ച്ച ചെയ്യുമെന്നും ധനവകുപ്പ് അറിയിച്ചു

.കഴിഞ്ഞ ഒക്ടോബര്‍ 10ന് നിലവില്‍ വന്ന ജി.എസ്.ടി നയത്തിനെതിരെ ചെറുകിട- വ്യാപാര മേഖലയില്‍ നിന്ന് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. വാടകയ്ക്ക് കെട്ടിടങ്ങളോ ഭൂമിയോ എടുത്തിട്ടുള്ളവര്‍ നല്‍കുന്ന വാടകയ്ക്ക് മേല്‍ 18 ശതമാനം ജി.എസ്.ടി കൂടി പുതിയ നയപ്രകാരം അടക്കേണ്ടി വരും. ഇത് വാടകക്കാരായ ചെറുകിട വ്യാപാരികള്‍ക്ക് അധിക ബാധ്യതയാവും. നിലവില്‍ 20 ലക്ഷം രൂപയില്‍ കൂടുതല്‍ വാടക ലഭിക്കുന്ന കെട്ടിട ഉടമകള്‍ രജിസ്ട്രേഷന്‍ എടുക്കണം. കെട്ടിട ഉടമയും വ്യാപാരിയും രജിസ്ട്രേഷന്‍ എടുത്താല്‍ ചെറിയ ബാധ്യതയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ ഇരുകൂട്ടരും രജിസ്ട്രേഷന്‍ നടത്തിയില്ലെങ്കിലും ഇവരില്‍ ആരെങ്കിലും ഒരാള്‍ രജിസ്ട്രേഷന് പുറത്താണെങ്കിലും കെട്ടിടത്തിന്റെ വാടകക്കാരനുമേല്‍ 18 ശതമാനം അധിക ബാധ്യത വരുന്നതാണ് പുതിയ നയം. വര്‍ഷങ്ങളായി വാടകക്കെട്ടിടങ്ങളില്‍ വ്യാപാരം നടത്തുന്ന കച്ചവടക്കാര്‍ വാടക്കരാര്‍ പുതുക്കുന്ന ഘട്ടത്തില്‍ ജി.എസ്.ടി പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തണം. കുടുംബാംഗങ്ങള്‍ സൗജന്യമായി കെട്ടിടം നല്‍കിയാലും വാടകക്കാരന്‍ ജി.എസ്.ടി നല്‍കാന്‍ പുതിയ വ്യവസ്ഥ പ്രകാരം ബാധ്യസ്ഥനാണ്. ബാധ്യതയ്ക്കൊപ്പം കെട്ടിട ഉടമയും വ്യാപാരിയും തമ്മില്‍ തര്‍ക്കങ്ങള്‍ രൂപപ്പെടാനും പുതിയ നയം വഴിതെളിക്കും. ഭൂരിഭാഗം ചെറുകിട വ്യാപാരികളും നിലവില്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it