സ്‌കൂള്‍ ഗ്രൗണ്ടില്‍ കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം നടത്തിയത് 16 കാരന്‍; കടുത്ത നടപടി

ലൈസന്‍സ് നല്‍കുന്നത് 25 വയസുവരെ തടഞ്ഞു

കോഴിക്കോട്: കഴിഞ്ഞദിവസം കോഴിക്കോട് കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ കുറ്റക്കാരനെതിരെ കടുത്ത ശിക്ഷാനടപടികളുമായി പൊലീസും എംവിഡിയും. കാര്‍ ഓടിച്ചത് പതിനാറുകാരനാണെന്നാണ് റിപ്പോര്‍ട്ട്. കാറിന്റെ ആര്‍സി സസ്പെന്‍ഡ് ചെയ്യുമെന്ന് എംവിഡി അറിയിച്ചു. 16കാരന് ലൈസന്‍സ് നല്‍കുന്നത് 25 വയസുവരെ തടഞ്ഞു. സംഭവത്തില്‍ പൊലീസും നടപടി സ്വീകരിച്ചിട്ടുണ്ട്. വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.

കഴിഞ്ഞദിവസം സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ തന്നെ നടപടിയെടുക്കുമെന്ന് എംവിഡി അറിയിച്ചിരുന്നു. ലൈസന്‍സ് അടക്കം സസ്‌പെന്‍ഡ് ചെയ്യുമെന്നും അറിയിച്ചിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കിയിരുന്നു.

കുട്ടികള്‍ ഓടി മാറിയതിനെത്തുടര്‍ന്ന് മാത്രമാണ് വന്‍ അപകടം ഒഴിഞ്ഞുമാറിയത്. കാറുടമയെ തിരിച്ചറിഞ്ഞതായും വാഹനം ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പേരാമ്പ്ര പൊലീസ് അറിയിച്ചു. ഉപജില്ലാ കലോത്സവം കാരണം കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് അവധി നല്‍കിയിരുന്നു. ഫുട് ബോള്‍ ടീം അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ രാവിലെ പത്തരയോടെ സ്‌കൂള്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടയിലാണ് അമിത വേഗതത്തിലെത്തിയ കാര്‍ കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞടുത്തത്.

പിന്നാലെ അഭ്യാസ പ്രകടനമായി. ശബ്ദം കേട്ട് അധ്യാപകരെത്തിയപ്പോഴേക്കും കാര്‍ റോഡിലേക്ക് കടന്നുകളഞ്ഞിരുന്നു. പിന്നീട് അതി വേഗം ഓടിച്ചു പോയി. തുടര്‍ന്ന് അധ്യാപകര്‍ പൊലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പൈതോത്ത് സ്വദേശിയുടേതാണ് കാറെന്ന് തിരിച്ചറിഞ്ഞിരുന്നു.

Related Articles
Next Story
Share it