പാലക്കാട്ടെ നിപ ബാധിതയുടെ 10 വയസുള്ള ബന്ധുവിനും പനി; കുട്ടി നിരീക്ഷണത്തില്‍
യുവതിയുടെ വീടിന് പരിസരത്തെ മരത്തില്‍ ഉള്ളത് ആയിരക്കണക്കിന് വവ്വാലുകളെന്ന് നാട്ടുകാര്‍

പാലക്കാട്: പാലക്കാട്ടെ നിപ ബാധിതയുടെ 10 വയസുള്ള ബന്ധുവിനും പനി സ്ഥിരീകരിച്ചു. കുട്ടി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. യുവതിയുടെ റൂട്ട് മാപ്പ് കഴിഞ്ഞദിവസം തയാറാക്കിയിരുന്നു. ഇവര്‍ ആദ്യം ചികിത്സ തേടിയത് പാലോട് സ്വകാര്യ ക്ലിനിക്കിലാണ്. സ്വന്തം കാറിലാണ് ഇവര്‍ ഇവിടെ ചികിത്സയ്ക്ക് എത്തിയത്. പിന്നീട് കരിങ്കല്ലത്താണിയിലും മണ്ണാര്‍ക്കാടും ചികിത്സ തേടി. ജൂലായ് ഒന്നിനാണ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേ സമയം, നാട്ടുകല്ലിലെ നിപാ ബാധിതയായ യുവതിയുടെ വീടിന് പരിസരത്തെ മരത്തില്‍ ആയിരക്കണക്കിന് വവ്വാലുകളാണ് ഉള്ളതെന്നും ഇക്കാര്യം പലവട്ടം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മഞ്ചേരി മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം എത്തി സ്ഥലം പരിശോധിച്ചു. തച്ചനാട്ടുകരയിലെ 4 വാര്‍ഡുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍വ്വേ നടത്തും. നിപ രോഗ ലക്ഷണങ്ങള്‍ 2 മാസത്തിനിടെ ആര്‍ക്കെങ്കിലും ഉണ്ടായിരുന്നോ എന്നും പരിശോധിക്കും. ശനി, ഞായര്‍ ദിവസങ്ങളിലായി 75 അംഗ സംഘം ആണ് സര്‍വ്വേ നടത്തുക.
വെള്ളിയാഴ്ച പുറത്തു വിട്ട കണക്കുകള്‍ പ്രകാരം, സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരാണ്. പാലക്കാട്, മലപ്പുറം ജില്ലയിലുള്ളവര്‍ക്കാണ് നിപ സംശയിച്ചത്.