കല്യോട്ട് ഇരട്ടക്കൊലക്കേസ് ; വിധി പറയാന്‍ ഇനി മണിക്കൂറുകള്‍ ; പെരിയയിലും കല്ല്യോട്ടും പൊലീസ് സുരക്ഷ

കാസര്‍കോട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എറണാകുളം സി.ബി.ഐ കോടതി ശനിയാഴ്ച വിധി പറയും. മുന്‍ എം.എല്‍.എയും സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റംഗവുമായ കെ.വി കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും സി.പി.എം ഉദുമ മുന്‍ ഏരിയാ സെക്രട്ടറിയുമായ കെ. മണികണ്ഠന്‍, പെരിയ മുന്‍ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍, പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി തുടങ്ങി 24 പേരാണ് പ്രതിസ്ഥാനത്തുള്ളത്. ഒന്നാംപ്രതിയായ സി.പി.എം പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ. പീതാംബരന്‍ ഉള്‍പ്പെടെ 14 പേരെ ക്രൈംബ്രാഞ്ചും കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 10 പേരെ സി.ബി.ഐയുമാണ് അറസ്റ്റ് ചെയ്തത്. സി.ബി.ഐ ഡി.വൈ.എസ്.പി ടി.പി അനന്തകൃഷ്ണനാണ് 24 പേര്‍ക്കെതിരെ എറണാകുളത്തെ സി.ബി.ഐ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ആദ്യം അറസ്റ്റിലായ 14 പേരില്‍ കെ. മണികണ്ഠന്‍, എന്‍. ബാലകൃഷ്ണന്‍, ആലക്കോട്ടെ മണി എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ബാക്കി 11 പേര്‍ ഇപ്പോഴും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. സി.ബി.ഐ അറസ്റ്റ് ചെയ്ത 10 പേരില്‍ കെ.വി കുഞ്ഞിരാമനും രാഘവന്‍ വെളുത്തോളിയുമടക്കം അഞ്ചുപേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. സി.പി.എം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി. രാജേഷ് അടക്കമുള്ള പ്രതികള്‍ കാക്കനാട് ജയിലിലാണുള്ളത്. 2023 ഫെബ്രുവരിയിലാണ് സി.ബി.ഐ കോടതിയില്‍ വിചാരണ തുടങ്ങിയത്.

2019 ഫെബ്രുവരി 17ന് രാത്രി 7.45 മണിയോടെയാണ് കല്യോട്ടെ കൃപേഷ് എന്ന കിച്ചു(19), ശരത്‌ലാല്‍(23) എന്നിവരെ കൊലപ്പെടുത്തിയത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും കല്യോട്ട് സ്‌കൂള്‍-ഏച്ചിലടുക്കം റോഡില്‍ തടഞ്ഞുനിര്‍ത്തി മാരകായുധങ്ങളുമായി വന്ന സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ആദ്യം ലോക്കല്‍ പൊലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചുമാണ് അന്വേഷണം നടത്തിയത്. 14 പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും ചില സി.പി.എം നേതാക്കള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്നും സി.ബി.ഐ അന്വേഷണം നടത്തണമെന്നും വ്യക്തമാക്കി കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ക്രൈംബ്രാഞ്ച് കുറ്റപത്രം റദ്ദാക്കിയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് കുറ്റപത്രം നിലനിര്‍ത്തി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ സുപ്രീംകോടതി സര്‍ക്കാരിന്റെ ഹരജി തള്ളുകയും സി.ബി.ഐ അന്വേഷണമെന്ന ഹൈക്കോടതി ഉത്തരവ് അംഗീകരിക്കുകയുമായിരുന്നു.

വിധി പറയാനിരിക്കെ പെരിയയിലും കല്യോട്ടും പൊലീസ് സുരക്ഷ ശക്തമാക്കി. പെരിയ ബസ് സ്റ്റോപ്പ്, പെരിയ ബസാര്‍ കല്യോട്ട് എന്നിവിടങ്ങളിലാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ. സി പി എമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഓഫീസുകള്‍ക്ക് പൊലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it