തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ അല്‍ സാബിയുടെ ലഗേജ് പരിശോധിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റംസ് ആണ് ബാഗുകള്‍ പരിശോധിച്ചത്. ഒരു മൊബൈല്‍ ഫോണും രണ്ടു പെന്‍ ഡ്രൈവുകളും കസ്റ്റംസ് പിടിച്ചെടുത്തതായി സൂചനയുണ്ട്.
തിരുവനന്തപുരം എയര്‍ കാര്‍ഗോ കോംപ്ലക്സില്‍ എത്തിച്ച ബാഗുകളാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. നയതന്ത്ര പ്രതിനിധികള്‍ക്കു പരിരക്ഷ ഉള്ളതിനാല്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയ ശേഷമാണ് കസ്റ്റംസ് പരിശോധന നടത്തിയത്. കോണ്‍സുല്‍ ജനറല്‍ കോവിഡ് ലോക്ക്ഡൗണിനു മുമ്പുതന്നെ നാട്ടിലേക്കു മടങ്ങിയിരുന്നു. യുഎഇയിലേക്ക് തിരിച്ചയയ്ക്കാന്‍ എത്തിയ ബാഗേജാണ് ഇപ്പോള്‍ പരിശോധനയ്ക്കു വിധേയമാക്കിയത്.
നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്തില്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതികള്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ക്കു നല്കിയ മൊഴിയിലും ഇതു സംബന്ധിച്ച സൂചനകളുണ്ട്. എന്നാല്‍ നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ക്കു സാധിച്ചിട്ടില്ല.