പൊവ്വലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ദുരന്തം, ഗൃഹപ്രവേശനത്തിന്റെ പിറ്റേന്ന്
മൂലടുക്കത്തെ കബീര്‍ ആണ് മരിച്ചത്

കാസര്‍കോട്: ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാന പാതയിലെ പൊവ്വലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂലടുക്കത്തെ കബീര്‍(42) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജിന് സമീപത്ത് പുതുതായി പണകഴിപ്പിച്ച കബീറിന്റെ വീട്ടില്‍ കഴിഞ്ഞദിവസമായിരുന്നു ഗൃഹപ്രവേശനം നടന്നത്.
തിങ്കളാഴ്ച രാവിലെ കബീര്‍ ബോവിക്കാനം ടൗണിലേക്ക് ബൈക്കില്‍ പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കബീറിന്റെ ബൈക്കും മുള്ളേരിയ സ്വദേശിയായ യുവാവ് ഓടിച്ചുപോകുകയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കബീറിനെ ഉടന്‍ തന്നെ ചെര്‍ക്കളയിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പരേതരായ ബി.കെ മുഹമ്മദ് കുഞ്ഞിയുടെയും ഖദീജയുടെയും മകനാണ്.
ഭാര്യ: സുഹറാബി. സഹോദരങ്ങള്‍: അബൂബക്കര്‍, അബ്ദുല്ല, ഫാത്തിമ, ആയിഷ. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.