ഓടയിലേക്ക് മറിഞ്ഞ കാറില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് സംഘത്തെ അക്രമിച്ചു; യുവാവ് അറസ്റ്റില്‍
ബളാല്‍ മങ്കയത്തെ അര്‍ജുന്‍ തിലകിനെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്

കാഞ്ഞങ്ങാട്: ഓടയിലേക്ക് മറിഞ്ഞ കാറില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ പൊലീസ് സംഘത്തെ യുവാവ് ആക്രമിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ബളാല്‍ മങ്കയത്തെ അര്‍ജുന്‍ തിലകിനെ(30)യാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച പുലര്‍ച്ചെ 1.30 മണിയോടെ മങ്കയത്ത് അര്‍ജുന്‍ ഓടിച്ചുപോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ ഓടയിലേക്ക് മറിഞ്ഞിരുന്നു. ഈ സമയം പട്രോളിംഗ് നടത്തുകയായിരുന്ന എ.എസ്.ഐ.ടി മധുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തുകയും കാറിനകത്തുണ്ടായിരുന്ന അര്‍ജുനെ പുറത്തെത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ മദ്യലഹരിയിലായിരുന്ന അര്‍ജുന്‍ പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല.
വിവരമറിഞ്ഞ് ഇന്‍സ്പെക്ടര്‍ കെ.പി സതീഷും പൊലീസ് ഡ്രൈവര്‍ രഞ്ജിത്ത് രാജീവും സ്ഥലത്തെത്തി അര്‍ജുനോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. പൊലീസ് നിര്‍ബന്ധിച്ചതോടെ പുറത്തിറങ്ങിയ അര്‍ജുന്‍ താക്കോല്‍ കൊണ്ട് ഇന്‍സ്പെക്ടറുടെ മുഖത്ത് കുത്തുകയായിരുന്നു.
എ.എസ്.ഐ മധുവിനും ഡ്രൈവര്‍ രഞ്ജിത്ത് രാജീവിനും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുരേഷിനും അക്രമത്തില്‍ പരിക്കേറ്റു. പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്‍സ്പെക്ടറും പൊലീസുകാരും പൂടങ്കല്ല് ആസ്പത്രിയിലെത്തി ചികിത്സ തേടിയത്.