11 കാരനെ പീഡിപ്പിച്ച കേസ്; രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി ഇന്ത്യാ- നേപ്പാള്‍ അതിര്‍ത്തിയില്‍ പിടിയില്‍

ചെമ്മനാട് പെരുമ്പളയിലെ പി.അബ്ദുല്‍ ഹാരിസിനെ ആണ് മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റുചെയ്തത്

ചട്ടഞ്ചാല്‍: 11 കാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ഇന്ത്യാ- നേപ്പാള്‍ അതിര്‍ത്തിയില്‍ പൊലീസ് പിടിയിലായി. ചെമ്മനാട് പെരുമ്പളയിലെ പി.അബ്ദുല്‍ ഹാരിസിനെ(41) ആണ് മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റുചെയ്തത്. ജൂണ്‍ 29 ന് 11 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ അബ്ദുല്‍ ഹാരിസിനെതിരെ മേല്‍പ്പറമ്പ് പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു.

ഇതോടെ ഹാരിസ് നാടുവിട്ട് മുംബൈയിലെത്തി. ഹാരിസ് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നറിഞ്ഞ പൊലീസ് പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പൊലീസ് പിടിയിലാകാതിരിക്കാന്‍ നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് കടക്കാന്‍ ഹാരിസ് ശ്രമം നടത്തി. ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയില്‍ അതിര്‍ത്തി രക്ഷാസേന ഹാരിസിനെ തടയുകയും വിവരം ജില്ലാ പൊലീസ് മേധാവി ബി.വി. വിജയ് ഭരത് റെഡ്ഡിയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ. സന്തോഷ് കുമാറിന്റെ നിര്‍ദേശപ്രകാരം എസ്.ഐ വി.കെ അനീഷ്, എ.എസ്.ഐ വി.രമേശന്‍ എന്നിവര്‍ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. വിമാനമാര്‍ഗം ഹാരിസിനെ നാട്ടിലെത്തിച്ചു. പ്രതിയെ ഹോസ് ദുര്‍ഗ് കോടതി റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it