''ആയിരം മടങ്ങ് വേദന ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നു''- ബഷീറിന്റെ അവസാന നാളുകളിലെ വാക്കുകള്‍; ഓര്‍ത്തെടുത്ത് അംബികാസുതന്‍ മാങ്ങാട്

''ഓരോ വാക്ക് പറയുമ്പോഴും ഉമിനീര്‍ ശ്രവിച്ചുകൊണ്ടിരുന്നു. ഓരോ വാക്കു പറയുമ്പോഴും മുന്നിലുള്ള വെള്ളം നിറച്ച വലിയ വട്ടളത്തിലേക്ക് തുപ്പണം''

കാസര്‍കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ അവസാന നാളുകളില്‍ അദ്ദേഹത്തെ കാണാന്‍ പോയ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയായിരുന്നു മലയാള സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണത്തിലാണ് അധികമാരും അറിയാത്ത് ബഷീറിനെ കുറിച്ചുള്ള ഓര്‍മ അദ്ദേഹം പങ്കുവെച്ചത്. അദ്ദേഹത്തിന്റെ പ്രസംഗ ഭാഗം

''ബഷീറിനെ പോലെ വായിക്കപ്പെട്ട മറ്റൊരു എഴുത്തുകാരന്‍ മലയാളത്തില്‍ വേറെ ഇല്ല. ബഷീറിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ഏത് പ്രായത്തിനും അദ്ദേഹം വഴങ്ങും. ഏത് പാണ്ഡിത്യത്തിനും പാമരത്വത്തിനും ബഷീര്‍ കീഴടങ്ങും. സര്‍വ വിഭാഗം മനുഷ്യര്‍ക്കും ഒരുപോലെ നില്‍ക്കുന്ന മലയാളത്തിലെ അത്ഭുത പ്രതിഭാസം ആണ് അദ്ദേഹം. ബഷീര്‍ മരിച്ചിട്ട് 31 വര്‍ഷമാകുന്നു. ബഷീറിനെ കേള്‍ക്കാനും കാണാനും സാധിച്ചു. ബഷീറിനെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ നിര്‍ത്താനാവില്ല. ബഷീറിന്റെ അവസാന നാളുകളില്‍ അദ്ദേഹത്തെ കാണാന്‍ പോയത് ഓര്‍ക്കുന്നു. എഴുത്തുകാര്‍ ഉള്‍പ്പെടുന്ന

കാസര്‍കോട്ടെ കലാക്ഷേത്ര എന്ന സംഘത്തിന്റെ കൂടെ അദ്ദേഹത്തെ കാണാന്‍ പോയി.തലശേരിയില്‍ നിന്ന് എം.എന്‍ വിജയന്‍ മാഷും ഞങ്ങളുടെ കൂടെ കൂടി. ഞങ്ങളുടെ കയ്യില്‍ മരുഭൂമികള്‍ പൂക്കുമ്പോള്‍ എന്ന പുസ്തകം ഉണ്ടായിരുന്നു. വിജയന്‍ മാഷ് കാസര്‍കോട് വന്നപ്പോള്‍ പ്രഭാഷണം നടത്തിയിരുന്നു. അത് മരുഭൂമികള്‍ പൂക്കുമ്പോള്‍ എന്ന പേരില്‍ പുസ്തക രൂപത്തിലാക്കിയിരുന്നു. ബഷീറിനെ കുറിച്ചുള്ള ആദ്യത്തെ സമഗ്ര പഠനമാണത്. അതിന്റെ ആദ്യത്തെ കോപ്പി അദ്ദേഹത്തിന് സമര്‍പ്പിക്കാന്‍ ഞങ്ങള്‍ ബേപ്പൂരിലേക്ക് പോവുകയാണ്.

ബഷീറിന്റെ അവസാന കാലമായിരുന്നു അത് . വളരെ അവശനായിരുന്നു. ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ ബഷീര്‍ അരയിലൊരു മുണ്ട് മടക്കിക്കുത്തിയിട്ടുണ്ട്. ശരീരത്തില്‍ എല്ലുകള്‍ എണ്ണിയെടുക്കാവുന്ന വിധത്തില്‍ അങ്ങേയറ്റം ശോഷിച്ച അവസ്ഥയില്‍ രോഗാതുരനായിരുന്നു. ഓരോ വാക്ക് പറയുമ്പോഴും ഉമിനീര്‍ ശ്രവിച്ചുകൊണ്ടിരുന്നു. വാക്യമല്ല , ഓരോ വാക്കു പറയുമ്പോഴും മുന്നിലുള്ള വെള്ളം നിറച്ച വലിയ വട്ടളത്തിലേക്ക് തുപ്പണം. ഒരു വാക്യം പറയണമെങ്കില്‍ അഞ്ച് തവണ തുപ്പണം. ഞാന്‍ അതിഭയങ്കരമായ വേദനയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്ന് ബഷീര്‍ പറഞ്ഞു. വിജയന് ഊഹിക്കാമോ മനുഷ്യന് ശരീരത്തില്‍ സഹിക്കാവുന്ന ഏറ്റവും വലിയ വേദന? ഫിസ്റ്റുലയുടെ വലിയ പ്രയാസം അനുഭവിക്കുന്ന അദ്ദേഹം മറുപടി നല്‍കി എനിക്ക് ഊഹിക്കാന്‍ പറ്റുന്നുണ്ടെന്ന്. അതിന്റെയൊരു ആയിരം മടങ്ങ് വേദന ഞാന്‍ അനുഭവിക്കുകയാണെന്നായിരുന്നു ബഷീറിന്റെ മറുപടി. മനുഷ്യന് ശരീരത്തില്‍ അനുഭവിക്കാന്‍ കഴിയുന്ന വേദനയുടെ ആയിരം മടങ്ങ് സങ്കല്‍പ്പിക്കാമോ എന്ന് വിജയന്‍ മാഷോട് ചോദിച്ചു. പറ്റില്ല എന്ന് വിജയന്‍ മാഷ് മറുപടി നല്‍കി. ആ ആയിരം മടങ്ങാണ് ഞാന്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ബഷീര്‍ പറഞ്ഞു

പിന്നെ ഒരു മണിക്കൂറോളം അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു. ആ സംസാരത്തിലുടനീളം സഹജമായ നര്‍മബോധത്തിന്റെ പ്രസരിപ്പുണ്ടായിരുന്നു.ഒരുപാട് വേദനയിലിരിക്കുമ്പോഴും അദ്ദേഹം ഞങ്ങളെ ചിരിപ്പിച്ചുകൊണ്ടിരുന്നു. അന്ന് വലിയൊരു ഭാഗ്യമുണ്ടായിരുന്നത് ഈ പുസ്തകത്തിലെ രണ്ട് വാചകം വായിച്ചു കേള്‍പ്പിക്കണമെന്ന് ബഷീര്‍ ആവശ്യപ്പെട്ടപ്പോള്‍ എന്നോടാണ് വിജയന്‍ മാഷ് വായിക്കാന്‍ പറഞ്ഞത്. അങ്ങനെ ബഷീറിന് വേണ്ടി രണ്ട് വരി വായിച്ചുകൊടുത്തപ്പോള്‍ ബഷീറിന്റെ കണ്ണൊക്കെ നിറഞ്ഞു. വിജയന്‍ മാഷ് കൈ പിന്നില്‍ കെട്ടിയിട്ട് വളരെ കുനിഞ്ഞിട്ട് പറഞ്ഞു എനിക്ക് ഇത്രയേ സാധിച്ചുള്ളൂ എന്ന് . മരുഭൂമി പൂക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ബഷീര്‍ ചോദിച്ചു. വാന്‍ഗോഗിന്റെ പെയിന്റിങ്ങില്‍ അല്ലാതെ വേറെ കണ്ടിട്ടില്ലെന്ന് വിജയന്‍ മാഷ് പറഞ്ഞു. നേരിട്ട് കണ്ടിട്ടുണ്ടെന്ന് ബഷീറിന്റെ മറുപടി. ഏതോ ഒരു മരുഭൂമിയിലൂടെ, ഇത്തരേന്ത്യ ആവണം. ഒറ്റയ്ക്ക് സന്ധ്യാ സമയത്ത് ഒറ്റയ്ക്ക് വ നടക്കുകയായിരുന്നു. നിലാവുള്ള സമയമായിരുന്നു. പെട്ടെന്ന് ആകാശം കഴുകി വെളുപ്പിച്ചത് പോലെ ഉണ്ടായിരുന്നു. നക്ഷത്രങ്ങളൊക്കെ പെട്ടെന്ന് താഴോട്ട് ഇറങ്ങിവരുന്നത് പോലെ തോന്നും . ചന്ദ്രന്‍ ഒന്നു കൂടി വലുതായി താഴോട്ട് വന്ന് നന്നായി പ്രകാശിക്കാന്‍ തുടങ്ങി. ഒരു ഓംകാര ശബ്ദം ചുറ്റും വ്യാപിക്കാന്‍ തുടങ്ങി. അപ്പോള്‍ മരുഭൂമിയില്‍ ചുറ്റും നിറയെ പൂക്കള്‍ വിരിയാന്‍ തുടങ്ങി. ഞാന്‍ കുറേ നേരം ഈ മരുഭൂമി പൂത്തത് കണ്ടുനിന്നു എന്നായിരുന്നു ബഷീര്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ തോന്നലോ യാഥാര്‍ത്ഥ്യമോ സ്വപ്‌നമോ എന്താണെന്ന് നമുക്ക് അറിയില്ല. നീലവെളിച്ചം , കടല്‍ക്കരയിലെ നിലാവില്‍, മാന്ത്രികപ്പൂച്ച തുടങ്ങിയ കഥകളൊക്കെ വായിച്ചവര്‍ക്ക് അറിയാം ബഷീറിന്റെ ജീവിതത്തില്‍ ഉള്ള അനുഭവം ഏതാണ് അയഥാര്‍ത്ഥമായത് ഏതാണ് എന്ന് മനസ്സിലാവില്ല. പിന്നെയും കുറേ കാര്യങ്ങള്‍ ബഷീര്‍ പറഞ്ഞു. ബഷീര്‍ മരണപ്പെട്ടപ്പോള്‍ ആ വിട്ടീലേക്ക് ഞാന്‍ പോയില്ല. മരിച്ച് കിടക്കുന്ന ബഷീര്‍ എന്റെ ജീവിതത്തില്‍ തുടരേണ്ടതില്ല എന്ന് കരുതിയത് കൊണ്ടാണ്..''

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it