തൊഴിലിടങ്ങള്‍ സ്ത്രീ സൗഹൃദമാകണമെന്ന് വനിതാ കമ്മീഷന്‍; അദാലത്തില്‍ പരിഗണിച്ചത് 23 ഫയലുകള്‍
സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് കൃത്യമായ വേതനം നല്‍കുന്നതില്‍ വിട്ടുവീഴ്ച വരുത്തുന്ന പ്രവണതയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ അംഗം

കാസര്‍കോട്: വിദ്യാസമ്പന്നരായ സ്ത്രീകള്‍ പോലും തൊഴിലിടങ്ങളില്‍ ചൂഷണത്തിന് വിധേയരാകുന്നുവെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം പി കുഞ്ഞായിഷ. സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് കൃത്യമായ വേതനം നല്‍കുന്നതില്‍ വിട്ടുവീഴ്ച വരുത്തുന്ന പ്രവണത വനിതാ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ കമ്മീഷന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം പറഞ്ഞു. കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിതാ കമ്മീഷന്‍ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍.
കുടുംബപരമായ വിഷയങ്ങള്‍, അതിര്‍ത്തി-വഴി തര്‍ക്കങ്ങള്‍, അയല്‍വാസികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയവ ബാഹ്യ ഇടപെടലുകള്‍ മൂലം പരിഹരിക്കാന്‍ കഴിയാത്ത സാമൂഹിക പ്രശ്‌നങ്ങളായി വളരുന്ന സാഹചര്യത്തില്‍, അവ തുടക്കത്തില്‍ തന്നെ പരിഹരിക്കാന്‍ ജാഗ്രതാ സമിതികളുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
കുടുംബപരമായ വിഷയങ്ങള്‍ പൊതുസമൂഹത്തില്‍ വലിയ പ്രശ്‌നങ്ങളായി വളരുന്നത് ഒഴിവാക്കാന്‍ ഓരോ പഞ്ചായത്തുകളിലുമുള്ള ജാഗ്രതാ സമിതികള്‍ക്ക് സാധിക്കും. ഇത്തരം പ്രശ്‌നങ്ങളില്‍ ഫലപ്രദമായി ഇടപെടുന്നതിന് ആവശ്യമായ പരിശീലനങ്ങള്‍ വനിതാ കമ്മീഷന്‍ ഇതിനോടകം സമിതികള്‍ക്ക് നല്‍കിയിട്ടുണ്ട്.
കുടുംബപ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് ജാഗ്രതാ സമിതികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ള പശ്ചാത്തലത്തില്‍, സമിതികള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. ജാഗ്രതാ സമിതികളും മറ്റ് നിയമ സഹായ സംവിധാനങ്ങളും പരമാവധി പ്രയോജനപ്പെടുത്തുവാന്‍ പൊതുജനങ്ങളും തയ്യാറാകണമെന്നും കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു.
കാസര്‍കോട് തിങ്കളാഴ്ച നടത്തിയ സിറ്റിങ്ങില്‍ 23 പരാതികള്‍ പരിഗണിച്ചു. ഇതില്‍ ഒരെണ്ണം തീര്‍പ്പാക്കി. ഒരു പരാതി ജാഗ്രത സമിതിയിലേക്കും, ഒരു പരാതി സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനു വേണ്ടിയും അയച്ചു. 20 പരാതികള്‍ അടുത്ത അദാ ലത്തിലേക്ക് മാറ്റിവെച്ചു. അഡ്വ. ഇന്ദ്രാവതി, കൗണ്‍സിലര്‍ രമ്യ മോള്‍, എ എസ് ഐ സുപ്രഭ എന്നിവരും അദാലത്തില്‍ പങ്കെടുത്തു. കുടുംബ പ്രശ്‌നങ്ങള്‍ സംബന്ധിച്ച പരാതികളും, വഴി തര്‍ക്കങ്ങള്‍, തൊഴിലിടങ്ങളിലെ വേതന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവയും ലഭിച്ചു.

